പ്രാര്‍ഥിച്ചു കൊണ്ട് കെഎസ്ആര്‍ടിസി ബസില്‍ കയറിയിരുന്നൊരു കാലമുണ്ടായിരുന്നു. യാത്രികരെ അലോസരപ്പെടുത്തുംവിധം അമിതവേഗതയില്‍ പാഞ്ഞിരുന്ന വണ്ടികള്‍ക്ക് സ്പീഡ് ഗവേണര്‍ വന്നതോടെ ലക്കും ലഗാനുമായി.
പരിഷ്കാരങ്ങള്‍ ഇങ്ങനെ വന്നുതുടങ്ങിയപ്പോള്‍ കെഎസ്ആര്‍ടിസി നന്നായി എന്നു കരുതിയവര്‍ ഏറെ. എന്നാല്‍ കാലംമാറിയപ്പോള്‍ അലോസരപ്പെടുത്തലിന്റെ കോലം മാറി എന്നുമാത്രം.
യാത്രികര്‍ വീണ്ടും പ്രാര്‍ഥന തുടങ്ങിയിരിക്കുന്നു. അമിതവേഗതയല്ല ഇപ്പോഴത്തെ പ്രശ്നം. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ എന്ന പുതിയ പരിഷ്കാരമാണ് പാലക്കാട്ടെ യാത്രക്കാരില്‍ ചിലരെയെങ്കിലും വീണ്ടും ഇത്തരം പ്രാര്ഥനയിലേക്കു തള്ളിവിടുന്നത്.
രാവിലത്തെ തൃശൂര്‍ യാത്രക്കാരാണ് പരാതിക്കാർ. രാവിലെ ആറരയ്ക്കു പാലക്കാട് സ്റ്റാന്‍ഡില്‍നിന്നു പുറപ്പെടുന്ന തിരുവനന്തപുരം കളിയിക്കാവിള ബസ് ഏറെ യാത്രക്കാര്ക്ക്ആശ്വാസമാണ്.
നേരം പുലര്‍ന്ന ശേഷം പുറപ്പെടുന്ന ഈ ബസില്‍ പോയാല്‍ പലര്‍ക്കും തൃശൂരിലെ ഓഫീസ് സമയത്തിനു മുമ്പുതന്നെ എത്തിപ്പെടാനാകും. പക്ഷേ പരിഷ്കാരങ്ങള്‍ യാത്രികര്‍ക്കു വിനയാകുകയാണ്.
പാലക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്നു 12 കിലോമീറ്റര്‍ അകലെയുള്ള കുഴല്‍മന്ദം എന്നൊരു കടമ്പ കടന്നുവേണം ബസിനും യാത്രികര്‍ക്കും കടന്നുപോകാന്‍. കുഴല്മന്ദത്തുനിന്നു കയറാന്‍ ആരെങ്കിലും സീറ്റ് റിസര്‍വ് ചെയ്തിട്ടുണ്ടെങ്കില്‍ യാത്രികര്‍ കുഴങ്ങിയതു തന്നെ.
7.20 നാണ് ഇവിടെനിന്നു റിസര്‍വ് ചെയ്തവര്‍ കയറേണ്ടത്. ആറരയ്ക്കു പാലക്കാട്ടുനിന്ന് പുറപ്പെട്ട ബസ് പന്ത്രണ്ടു കിലോമീറ്റര്‍ താണ്ടേണ്ടത് 45 മിനിറ്റുകൊണ്ട്!.
വെറും പതിനഞ്ചു മിനിറ്റു സമയംകൊണ്ട് കുഴല്മന്ദത്തെത്താമെങ്കിലും റിസര്വേഷന്കാരെ കയറ്റാന്‍ വണ്ടി ഇഴഞ്ഞുനീങ്ങേണ്ട ഗതികേട്. ഒരുകാര്യം ഉറപ്പാണ്. ഈ ബസിലെ സ്ഥിരം യാത്രക്കാരുടെ പ്രാര്‍ഥന തുടരും- കുഴല്‍മന്ദത്തു നിന്നു റിസര്‍വേഷന്‍ ടിക്കറ്റുണ്ടാകരുതേ….