പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി ഏറ്റുമുട്ടലിന്റെ പോലീസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ വ്യാജമെന്ന് സിപിഐ. സ്ഥലത്ത് ഏറ്റുമുട്ടൽ നടന്നതായി ആർക്കും വിശ്വസിക്കാനാകില്ല. പോലീസ് ദൃശ്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും സിപിഐ നേതാവ് കെ. പ്രകാശ് ബാബു പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന മണിവാസകത്തെ കസ്റ്റഡിയിൽ എടുത്തശേഷമാണ് തണ്ടർ ബോൾട്ട് വധിച്ചതെന്നും പ്രകാശ് ബാബു ആരോപിച്ചു. തണ്ടർ ബോൾട്ട് ആദിവാസി സ്ത്രീകളെ ദേഹപരിശോധന നടത്തുകയാണ്. ആദിവാസികൾ ഭയപ്പാടിലാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നത് ന്യായീകരിക്കാനാവില്ലെന്നും വെടിവച്ചത് സർക്കാരിന്റെ പോലീസ് നയത്തിൽനിന്നു വ്യതിചലിച്ചുകൊണ്ടാണെന്നും സിപിഐ പ്രതിനിധിസംഘം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്നും പ്രകാശ് ബാബു പറഞ്ഞു.