പാലക്കാട്: ബിജെപി ഭരിയ്ക്കുന്ന പാലക്കാട് നഗരസഭയിലെ ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനുമെതിരെ അവിശ്വാസം കൊണ്ടുവരാന്‍ യുഡിഎഫ് തീരുമാനം. അടുത്ത പ്രവൃത്തി ദിവസം നഗരകാര്യ വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ക്ക് അവിശ്വാസ പ്രമേയം നല്‍കും.
നേരത്തേ ഗരസഭയിലെ ബിജെപി സ്ഥിരം സമിതി അധ്യക്ഷന്മാര്ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസാക്കാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്തിരുന്നു. എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് ആരോഗ്യ സ്ഥിരം സമിതി മാത്രമാണ് ബിജെപിക്ക് നിലനിര്‍ത്താനായത്.
സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയിലെയും ഭരണം നിലവിലെ സാഹചര്യത്തില്‍ സിപിഎം പിന്തുണയോടെ അട്ടിമറിക്കാനാണ് യുഡിഎഫ് നീക്കം. 52 അംഗ കൗണ്‍സിലില്‍ 18 പേരുടെ പിന്തുണയോടെ മാത്രമേ അവിശ്വാസ പ്രമേയം നല്‍കാനാവൂ. നിലവില്‍ യുഡിഎഫിന് 18 അംഗങ്ങളുണ്ടെങ്കിലും ലീഗ് വിമതനായി മത്സരിച്ച് ജയിച്ച ഒരംഗത്തിന് നിലവില്‍ വോട്ടവകാശം ഇല്ല.
ഈ സാഹചര്യത്തില്‍ എല്‍ഡിഎഫിന് ഒപ്പം നില്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി അംഗത്തിന്റെ പിന്തുണയോടെയാവും അവിശ്വാസ പ്രമേയം നല്‍കുക. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ബഹളം വെച്ചതിനെ ചൊല്ലി അഞ്ചു യുഡിഎഫ് കൗണ്‍സിലര്‍മാരെ ചെയര്‍പേഴ്സണ്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. മൂന്ന് ശുചീകരണ തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദമാണ് ബഹളത്തിലും സസ്പെന്‍ഷനിലും കലാശിച്ചത്.
ഇതിനു തുടര്‍ച്ചയായി യുഡിഎഫും എല്‍ഡിഎഫും നഗരസഭയില്‍ സമരവും നടത്തി. കോണ്‍ഗ്രസ് അഗംങ്ങള്‍ക്ക് സസ്പെന്ഷന് നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് യുഡിഎഫിന്റെ തിടുക്കപ്പെട്ടുളള അവിശ്വാസ നീക്കം. കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനുമായി ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന് ചര്‍ച്ച നടത്തിയാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്. ലീഗും ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു.