പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് നഗരസഭയുടെ ചെയർപേഴ്സണനും വൈസ് ചെയർമാനുമെതിരേ ഇന്ന് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കും. യുഡിഎഫിന്റെ പതിനേഴംഗങ്ങളും വെൽഫെയർ പാർട്ടിയുടെ ഒരംഗവും ഒപ്പിട്ട നോട്ടീസാണ് റീജണൽ ജോയിന്റ് ഡയറക്ടർക്ക് നല്‍കുന്നതെന്ന് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.
മുന്‍പ് അഞ്ച് സ്ഥിരംസമിതി അധ്യക്ഷർക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരികയും സിപിഎമ്മിന്റെ പിന്തുണയോടെ പാസാകുകയും ചെയ്തിരുന്നു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും യുഡിഎഫിനും രണ്ടുവീതം സ്ഥിരംസമിതി അധ്യക്ഷന്മാരെ ലഭിച്ചു.
വോട്ടുനില തുല്യമായതിനെ തുടർന്നു ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷയ്ക്കെതിരായ അവിശ്വാസം തള്ളിപ്പോയി. നഗരസഭ അധ്യക്ഷയ്ക്കും ഉപാധ്യക്ഷയ്ക്കുമെതിരേയുള്ള അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കാൻ വൈകിയത് നോട്ടീസിൽ ഒപ്പിടാനുള്ള മൂന്നിലൊന്ന് അംഗസംഖ്യയില്ലാത്തതിനാലായിരുന്നു.
52 അംഗ കൗണ്‍സിലിൽ 18 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. പതിനെട്ട് അംഗങ്ങളുണ്ടെങ്കിലും യുഎഫിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രാംഗത്തിന് വോട്ടവകാശമില്ല. തെരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാലാണിത്. വെൽഫെയർപാർട്ടിയുടെ ഏകാംഗം അവിശ്വാസ നോട്ടീസിനെ പിന്തുണയ്ക്കുമെന്നു ഉറപ്പുലഭിച്ചതായി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെയാണ് നോട്ടീസ് നല്‍കാനുള്ള സാധ്യത തെളിഞ്ഞത്. സിപിഎമ്മിന് കൗണ്‍സിലിൽ ഒന്പതംഗങ്ങളുണ്ട്. ഇവരും അവിശ്വാസപ്രമേയം കൗണ്‍സിലിൽ വന്നാൽ പിന്തുണയ്ക്കുമെന്ന നിലപാടിലാണ്.