പാലക്കാട്: പാലക്കാട് നഗരസഭയിൽ യുഡിഎഫ് ഘട്ടം ഘട്ടമായി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയങ്ങൾ വിലപേശാനുള്ള തന്ത്രമെന്നു സംശയിക്കുന്നതായി ബിജെപി. ഇതു നേരിടാനുള്ള അംഗബലവും ചങ്കുറപ്പും ഭരണസമിതിയ്ക്കുണ്ടെന്നും ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ സി.കൃഷ്ണകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് എന്നിവർ പ്രസ്ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.
അവിശ്വാസമുണ്ടെങ്കിൽ പ്രമേയം കൊണ്ടുവരേണ്ടതു ഭരണസമിതിക്കെതിരേയാണ്. പക്ഷെ ഡിസിസി പ്രസിഡന്റിന്റെ ആർക്കോ, എന്തിനോ വേണ്ടി കാത്തിരിക്കുകയാണ്. സ്റ്റാൻഡിംഗ് കമ്മിറ്റിയ്ക്കെതിരേ ഘട്ടം ഘട്ടമായി അവിശ്വാസം കൊണ്ടുവരുന്നതിന്റെ ഉദ്ദേശം വിലപേശലാണ്. കാലങ്ങളായി നഗരസഭ ഭരിച്ച യുഡിഎഫ് പുതിയ സംഭവവികാസങ്ങളിലൂടെ എല്ലാവരെയും പറ്റിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
ഗ്രൂപ്പടിസ്ഥാനത്തിൽ അധികാരം പങ്കിടുന്ന നടപടികളാണ് കാലങ്ങളായി യുഡിഎഫും കോണ്‍ഗ്രസും നഗരസഭയിൽ തുടർന്നുവന്നിരുന്നത്. വിവിധ പദ്ധതികൾ പ്രഖ്യാപിക്കുകയല്ലാതെ ഒന്നും പൂർത്തിയാക്കാൻ യുഡിഎഫിനു നാളിതുവരെ കഴിഞ്ഞിട്ടില്ല. യുഡിഎഫിന്റെ ഭരണകാലത്തെ തൊഴിത്തിൽകുത്തുകൾ നഗരസഭയെ പിന്നോട്ടടിപ്പിച്ചെന്നും ബിജെപി ഭരണസമിതിയുടെ നഗരവികസന പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നതായും നേതാക്കൾ പറഞ്ഞു.