പാലക്കാട്: പാർട്ടി ഓഫീസിൽവച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന യുവതിയുടെ പരാതിയിൽ സിപിഎമ്മിനു തലവേദന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സംഭവമാണ് വിവാദത്തിലേക്കു വഴിതുറന്നിരിക്കുന്നത്.
പാർട്ടി ഓഫീസിൽവച്ചു പീഡനത്തിന് ഇരയായെന്ന യുവതിയുടെ പരാതിയിൽ മങ്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനായി ചെർപ്പുളശേരി പോലീസിനു കൈമാറിയെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. തെരഞ്ഞെടുപ്പ് കണ്മുന്നിൽനിൽക്കേ സിപിഎമ്മിന് കടുത്ത രാഷ്ട്രീയ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് പുതിയ വിവാദം.
കഴിഞ്ഞ 16ന് ഉച്ചയ്ക്ക് മണ്ണൂർ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് വിവാദത്തിനു തുടക്കം. ഇതേക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയായ യുവതി താൻ പീഡിപ്പിക്കപ്പെട്ടതായി മൊഴിനൽകിയത്.
പാർട്ടി അനുഭാവിയായ യുവാവാണ് പീഡിപ്പിച്ചതെന്നാണ് ആരോപണം. പ്രണയം നടിച്ചായിരുന്നു പീഡനം. യുവജനസംഘടനാ പ്രവർത്തകരായിരുന്ന ഇരുവരും ചെർപ്പുളശേരിയിലെ ഒരു കോളജിൽ പഠിച്ചിരുന്നവരാണ്.
കഴിഞ്ഞവർഷം മാഗസിൻ തയാറാക്കൽ ചർച്ചയ്ക്ക് ചെർപ്പുളശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിൽ എത്തിയപ്പോൾ പീഡനത്തിന് ഇരയായി എന്നാണ് യുവതിയുടെ മൊഴിയെന്നറിയുന്നു. ആരോപണ വിധേയനായ യുവാവിന്റെ മൊഴിയും പോലീസ് എടുത്തു.
അമ്മയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. യുവതിയും കുടുംബവും താമസിച്ചിരുന്നത് വാടകവീട്ടിലാണ്. യുവതിയുടെ വീട്ടിൽ പോയിരുന്നതായി യുവാവ് മൊഴിനൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്.
ഗൂഢലക്ഷ്യമെന്ന് സിപിഎം ഏരിയാ കമ്മിറ്റി
പാർട്ടി ഓഫീസിൽ പീഡനം നടന്നതായ പരാതിയെക്കുറിച്ച് ഒന്നും അറിയില്ലെന്നും, ആരോപണം തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടിള്ള ഗൂഢനീക്കത്തിന്റെ ഭാഗമാകാമെന്നും സിപിഎം ചെർപ്പുളശേരി ഏരിയാ സെക്രട്ടറി കെ.ബി. സുഭാഷ് പറഞ്ഞു. പാർട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ഒരു ബന്ധവുമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.