ഷൊർണൂർ: ലാഭകരമല്ലാത്ത ചെറുകിട റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള തീരുമാനവുമായി റെയിൽവേ വീണ്ടും അണിയറനീക്കം സജീവമാക്കി.ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടുമെന്ന കാര്യം ഉറപ്പായി. ഇതിനകം പാലക്കാട് റെയിൽവേ ഡിവിഷൻ പരിധിയിൽ രണ്ടു റെയിൽവേ സ്റ്റേഷനുകൾ ലാഭകരമല്ലെന്ന കാരണം പറഞ്ഞ് അടച്ചുപൂട്ടിയിരുന്നു.
ഭാരതപുഴ റെയിൽവേ സ്റ്റേഷനും മങ്കര സ്റ്റേഷനുമാണ് സമീപകാലത്ത് അടച്ചുപൂട്ടിയത്. ലക്കിടി, മാന്നന്നൂർ, പാലപ്പുറം തുടങ്ങിയവ അടച്ചുപൂട്ടാനും സാധ്യത ഏറെയാണ്.ചെറുകിട റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഇതിനുമുന്പും റെയിൽവേ എടുത്തിരുന്നുവെങ്കിലും പിന്നീട് പിന്തിരിയുകയായിരുന്നു.
ലാഭകരമല്ലാത്ത റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നതിനൊപ്പം സ്റ്റോപ്പുകൾ നിർത്തലാക്കാനും റെയിൽവേയ്ക്ക് ആലോചനയുണ്ട്. ലാഭകരമല്ലാത്ത സ്റ്റോപ്പുകളാണ് ഇത്തരത്തിൽ നിർത്തലാക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളുടെ വരുമാന കണക്കു പരിശോധിക്കുന്ന നടപടി തുടങ്ങിയതായാണ് സൂചന.
ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ ഒഴിവാക്കി ട്രെയിനുകളുടെ വേഗം കൂട്ടണമെന്ന നിർദേശം റെയിൽവേ ബോർഡ് തന്നെയാണ് എടുത്തത്. എംപിമാരും മറ്റും സ്വാധീനം ചെലുത്തി നേടിയ പല സ്റ്റോപ്പുകളും നിലവിൽ നഷ്ടത്തിലാണ്.നഷ്ടമുണ്ടാക്കുന്ന സ്റ്റോപ്പുകൾ പിൻവലിക്കണമെന്ന് സിഐജി റിപ്പോർട്ടും ഉണ്ടായിരുന്നു.
ഒരു സ്റ്റേഷനിൽ ട്രെയിൻ നിർത്താൻ 12,716 രൂപ മുതൽ 24,506 രൂപ വരെയാണ് ചെലവ്. 500 കിലോമീറ്റർ ദൂരത്തിൽ കൂടുതലുള്ള സ്ലീപ്പർ ടിക്കറ്റുകൾ ഓരോ ട്രെയിനിലും വില്ക്കുകയോ തത്തുല്യ തുക മറ്റു ടിക്കറ്റുകളിൽനിന്നു ലഭിക്കുകയോ ചെയ്താലേ ട്രെയിൻ നിലനിർത്താനാവശ്യമായ പണം ലഭിക്കൂ.