പാലക്കാട്: ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചനിലയിൽ 11.5 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് പ്ലാറ്റ്ഫോം നമ്പർ മൂന്നിൽ യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾക്കിടയിൽ മറച്ചുവച്ച നിലയിൽ രണ്ടു ബാഗുകളിലായി 11.5 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആറു ലക്ഷം രൂപ വിലയുള്ള കഞ്ചാവ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും വരുന്ന വണ്ടികൾ കേന്ദ്രീകരിച്ച് ആർപിഎഫ് എക്സൈസ് സംഘം സംയുക്ത പരിശോധന നടത്തുന്നതു കണ്ട് ഭയന്ന് ആരോ ഉപേക്ഷിച്ചു പോയതാവാം കഞ്ചാവ് എന്ന് സംശയിക്കുന്നു.തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.