നെല്ലിയാമ്പതി: നെല്ലിയാമ്പതി വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ജീപ്പ് വാടക നിജപ്പെടുത്തി ബോർഡു സ്‌ഥാപിച്ചു. അപരിചിതരായ വിനോദസഞ്ചാരികളെ ഉൾപ്രദേശങ്ങളിലെ ടൂറിസ്റ്റുകേന്ദ്രങ്ങളിലെത്തിയ്ക്കുന്നതിനു ജീപ്പുകൾ വാടക വാങ്ങുന്നതിനെ തുടർന്നുള്ള തർക്കങ്ങൾ പതിവാണ്. ഇതിനാലാണ് പാടഗിരി പോലീസ് മുൻകൈയെടുത്ത് ജീപ്പ് ഉടമകളേയും ജനപ്രതിനിധികളേയും യോഗം വിളിച്ച് വാടക ഏകീകരിച്ചത്.
ഓരോ കേന്ദ്രത്തിലേയ്ക്കുമുള്ള വാടക നിജപ്പെടുത്തി ബോർഡും വെക്കാൻ നടപടിയുണ്ടായി. പോത്തുണ്ടി ചെക്കുപോസ്റ്റ്, തമ്പുരാൻകാട്, കൈകാട്ടി, കേശവൻപാറ, താരാശൂരി, പുലയമ്പാറ എന്നീ സ്‌ഥലങ്ങലിൽ ബോർഡുകൾവച്ചു. പ്രമോദ് അധ്യക്ഷനായി. നെന്മാറ എസ്ഐ സുനിൽകൃഷ്ണൻ പോത്തുണ്ടിയിൽ ഉദ്ഘാടനവും നിർവഹിച്ചു. ലക്ഷ്മി, കൈലാസ്,ഷാജഹാൻ എന്നിവർ പങ്കെടുത്തു.
സ്കൂളവധികാലമായതിനാൽ വിനോദസഞ്ചാരികളുടെ വരവ് കൂടിയിരിക്കുകയാണ്. സീതാർകുണ്ട് വ്യൂപോയിന്റ്, കേശവൻപാറ, പലകപാണ്ടി ഗ്രീൻലാന്റ് ഫാം ഹൗസ് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് സഞ്ചാരികൾ കൂടുതലും എത്തുന്നത്.