പാലക്കാട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോര പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പലയിടത്തും വൈദ്യുതിബന്ധം താറുമാറായി. എല്ലാ ഡാമുകളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പുഴയോര വാസികൾ ജാഗ്രത പാലിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മലന്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ ഉരുൾപൊട്ടി. ആനക്കല്ലിനടുത്ത് കവ, പറച്ചാത്തി, എലിവാൽ എന്നിവിടങ്ങളിൽ ഇന്നലെ രാത്രി ഒന്പതരയോടെയാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. ഇതിനെതുടർന്ന് മലന്പുഴ ഡാമിന്റെ ഷട്ടർ നാലടിയോളം ഉയർത്തിയിരുന്നു.
അട്ടപ്പാടി, മണ്ണാർക്കാട്, വടക്കഞ്ചേരി മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. നഗരപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. പാടശേഖരങ്ങൾക്കിടയിലൂടെ പോകുന്ന പ്രധാന പാതകളെല്ലാം വെള്ളത്തിനടിയിലാണ്. സ്വകാര്യബസുകൾ പലതും സർവീസ് നിർത്തിവച്ചിട്ടുണ്ട്.