വടക്കഞ്ചേരി: ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ വാഹന യാത്രികർക്ക് അപകടകെണികളാകുന്നു.
വടക്കഞ്ചേരി മണ്ണുത്തി ആറുവരിപാത തുടങ്ങുന്ന വടക്കഞ്ചേരി റോയൽ ജംഗ്ഷനിൽ തന്നെ അപായ കുരുക്കുകൾ അവസാനിക്കുന്നില്ല.
ഒരു കുറവു പരിഹരിക്കുന്പോൾ പുതിയ പ്രശ്നങ്ങൾ തലപൊക്കുന്നു എന്ന നിലയിലാണ് ഇവിടുത്തെ സ്ഥിതി.
വെള്ളക്കെട്ടിൽ മുങ്ങുന്ന അടിപ്പാതയിൽ മെറ്റലിട്ട് ഉയർത്തി വെള്ളക്കെട്ട് ഒഴിവാക്കിയപ്പോൾ ഇപ്പോൾ അടിപ്പാതയിലൂടെ വാഹനങ്ങൾ കടന്നു പോകുന്പോൾ വാഹനത്തിന്റെ മുകൾഭാഗം അടിപ്പാതയുടെ സ്ലാബിൽ തട്ടുകയാണ്.
വെള്ളക്കെട്ട് ഒഴിവാക്കാൻ മെറ്റലിട്ട് ഉയർത്തിയപ്പോൾ അടിപ്പാതയുടെ ഉയരും കുറഞ്ഞതാണ് പുതിയ അപാകതയാകുന്നത്.
നേരത്തെ കടന്നു പോയിരുന്ന പല വാഹനങ്ങൾക്കും ഇപ്പോൾ ഇതിലൂടെ കടന്നുപോകാൻ കഴിയുന്നില്ല.
അടിപ്പാതയിൽ കടന്ന് മറുഭാഗത്തേക്ക് പോകാൻ കഴിയാതെ ഉള്ളിൽ കുടുങ്ങുന്ന വാഹനങ്ങളുമുണ്ട്.
ട്രാവലർ പോലെ ബോഡി ഉയരമുള്ള വാഹനങ്ങൾ അടിപ്പാത വഴി പോകുന്പോൾ ശ്രദ്ധിക്കണം.
അതല്ലെങ്കിൽ കുടുക്കിൽപ്പെടും. ബസുൾപ്പെടെ വലിയ വാഹനങ്ങൾക്ക് പോകാൻ 70 മീറ്റർ മാറി കെഎസ്ആർടിസി ഡിപ്പോ വഴിയിൽ മറ്റൊരു വലിയ അണ്ടർപാസുണ്ട്.
റോയൽ ജംഗ്ഷനിൽ തന്നെ സർവീസ് റോഡിലാണ് മറ്റൊരു അപകടകെണിയുള്ളത്. പാലക്കാട് നിന്നും നാല് വരിപ്പാത കഴിഞ്ഞ് സർവീസ് റോഡിലാണ് വൈദ്യുതി പോസ്റ്റ് നിൽക്കുന്നത്.
പോസ്റ്റ് ടാർ റോഡിലേക്ക് നീങ്ങി നിൽക്കുന്നതിനാൽ ഇവിടെ ഇടുങ്ങിയ സ്ഥിതിയാണ്. അഴുക്കുചാലുകൾക്ക് പലയിടത്തും സ്ലാബുകളില്ലാത്തതും അപകട സാധ്യതയുണ്ട്.
കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇതിലൂടെ പോകുന്നത്. സ്ലാബുകളില്ലാത്തതിനാൽ ഇതു വഴി പോകുന്പോൾ കടുത്ത ദുർഗന്ധവുമുണ്ട്.
വെള്ളമില്ലാത്ത അഴുക്കുചാലുകൾ തെരുവുനായ്ക്കളും താവളമാക്കുന്നുണ്ട്.