പാലക്കാട്: ചൂട് ഇങ്ങനെ കൂടിയാൽ എന്തുചെയ്യുമെന്ന ആശങ്കയിലാണ് പാലക്കാട്ടുകാർ. സ്വതവെ വേനൽക്കാലങ്ങളിൽ കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് പാലക്കാട് ജില്ലയിൽ ചൂട് അധികമാണ്. ഇതിനാൽതന്നെ ഒരുവിധംചൂടൊക്കെ പാലക്കാട്ടുകാർ സഹിക്കാറുമുണ്ട്. പക്ഷേ മുൻവർഷങ്ങളെ അപേക്ഷിച്ച് നേരത്തെതന്നെ അനുദിനം ചൂട് വർധിക്കുന്നതാണ് ജനങ്ങളെ വിയർപ്പിൽ കുളിപ്പിക്കുന്നത്.
ചൂട് വർധിക്കുന്പോഴുണ്ടാകുന്ന സാംക്രമികരോഗങ്ങളും പടിവാതിൽക്കലെത്തികഴിഞ്ഞു. ഇതുംകൂടി ചിന്തിക്കുന്പോൾ ഉറക്കംപോലും നഷ്ടപ്പെടുകയാണ് ആളുകൾക്ക്. കറന്റ്കട്ടുകൂടി ഇടയ്ക്കിടെ സംഭവിക്കുന്പോഴുള്ള അവസ്ഥ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. ചൂടന്റെ കാഠിന്യം വിളിച്ചറിയിച്ച് ഫെബ്രുവരി 28ന് ചൂട് 40 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. പിന്നീട് ഇന്നലെവരെ ചൂട് ഒരു ഡിഗ്രി കൂടിയും കുറഞ്ഞുമാണ് നിൽക്കുന്നത്.
ഈ മാസം തുടക്കത്തിൽതന്നെ 39 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. എന്നാൽ രണ്ടാം തീയതി വീണ്ടും അവസ്ഥ പഴയതുതന്നെ. ചൂട് 40 ഡിഗ്രി. മൂന്നും നാലും അഞ്ചും തീയതികളിൽ ഒരു ഡിഗ്രി കുറഞ്ഞ് 39 ഡിഗ്രിയായി. പക്ഷേ ഏതുസമയവും അത് 40 ആവും. തുടർന്ന് 42 ഡിഗ്രിവരെ ചൂടെത്താമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ.
മുണ്ടൂർ, മലന്പുഴ ഭാഗങ്ങളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. 42 ഡിഗ്രി എന്ന കനത്ത ചൂടും ഇതിനു മുന്പും ജില്ലയിലുണ്ടായിട്ടുണ്ട്. അത് 2010ലായിരുന്നു. 2016ൽ രേഖപ്പെടുത്തിയ 41.9 ആണ് ഇതിന് മുന്പത്തെ ഏറ്റവും ഉയർന്ന താപനില. 2017 ഫെബ്രുവരി മുതൽ മെയ് വരെ 39 ഡിഗ്രി സെൽഷ്യസ്, 2016 ഏപ്രിൽ-മെയ് മാസങ്ങളിൽ 40.5 ഡിഗ്രി സെൽഷ്യസ്, 2015 മാർച്ച്-ഏപ്രിലിൽ 40 ഡിഗ്രി . 2014ൽ ഇതേ കാലയളവിൽ 41 ഉം 2013 ഏപ്രിലിൽ 41.5 ഉം 2012 ഏപ്രിലിൽ 40.5 ഡിഗ്രി സെൽഷ്യസ് ചൂടും രേഖപ്പെടുത്തിയിരുന്നു.
കുറച്ചുവർഷങ്ങളായി വേനലിൽ ജില്ലയിലെ ശരാശരി താപനില 37 ന് മുകളിലാണ്. സാധാരണഗതിയിൽ ഏറ്റവും കുറഞ്ഞ താപനില 25 ആണ് ജില്ലയിലെങ്കിലും അത് പകൽസമയം രാവിലെ പത്തുവരെയേ നിലനിൽക്കാറുള്ളൂ. പിന്നീടങ്ങോട്ട് ചൂട് കുത്തനെ മുകളിലേക്കാണ്. മുപ്പതു വർഷത്തിനിടെ സംസ്ഥാനത്തെ ശരാശരി ചൂടിൽ ഒരു ഡിഗ്രിയുടെ വർധനയുണ്ടായതായി കാലാവസ്ഥാനീരീക്ഷണ കേന്ദ്രംതന്നെ പറയുന്നു.
ജില്ലയിലെങ്ങും വരൾച്ചയും പടർന്നുപിടിക്കാൻ തുടങ്ങി. ജലാശയങ്ങളെല്ലാം വറ്റിവരണ്ടുതുടങ്ങി. അണക്കെട്ടുകളിലും ജലനിരപ്പ് പാടെ താഴ്ന്നുതുടങ്ങി. മലന്പുഴഡാമിൽ 103.03 മീറ്ററാണ് ജലനിരപ്പ് ( പരമാവധി 115.06), വാളയാർ ഡാം 193.89 (203 മീറ്റർ),മീങ്കര ഡാം 149.87 മീറ്റർ (156.36), ചുള്ളിയാർ ഡാം 140.89 മീറ്റർ (154.08 ), മംഗലംഡാം 69.15 മീറ്റർ (77.88), പോത്തുണ്ടി ഡാം 93.11 മീറ്റർ (108.2 ), കാഞ്ഞിരപ്പുഴ ഡാം 93.5 മീറ്റർ (97). എന്നിങ്ങനെയാണ് ജലനിരപ്പിന്റെ കണക്ക്.
ശുദ്ധജലവിതരണത്തിനും കാർഷികാവശ്യങ്ങൾക്കും ഈ ഡാമുകളെയാണ് ജില്ലയുടെ പ്രധാനമേഖലകളെല്ലാം ആശ്രയിക്കുന്നത്.വേനൽരൂക്ഷമാകുന്നതോടെ ജലനിരപ്പ് അനുദിനം താഴുകയുമാണ്. ഇതിനാൽ ചെറിയ കാലയളവിലേക്കുള്ള ജലംമാത്രമേ അണക്കെട്ടുകളിൽ ശേഷിക്കുന്നുള്ളൂ. തുടർച്ചയായ വേനൽമഴ ലഭിച്ചാൽമാത്രമേ ഇനി അണക്കെട്ടുകളിൽ ജലനിരപ്പുയരൂ.
കാർഷിക,ക്ഷീരോൽപ്പാദന മേഖലകളേയും വരൾച്ച പിടിമുറുക്കികഴിഞ്ഞു. ആവശ്യത്തിന് വെള്ളം ലഭിക്കാതെ കൃഷികൾ ഉണക്കുഭീഷണിയിലാണ്.ചൂട് കുടിയത് കാലികളേയും മറ്റും ബാധിച്ചുതുടങ്ങി.ഇത് പാലുൽപ്പാദനത്തേയും വരുംദിവസങ്ങളിൽ ബാധിക്കുമെന്നതിൽ സംശയമില്ല. ഇതിനാൽ ഇവയ്ക്കാവശ്യമായ സംരക്ഷണം നൽകണമെന്ന് വെറ്ററിനറി ഡോക്ടർമാർ നിർദേശിച്ചുതുടങ്ങി.
ചൂടിന്റെ കാഠിന്യത്തിൽ കഴിഞ്ഞദിവസം കോങ്ങാട് ഭാഗത്ത് വീടുമേഞ്ഞ ടാർപോളിൻ ഷീറ്റ് ഉരുകി വീടിന് തീപിടിച്ച സംഭവവും ഉണ്ടായി. കൂടാതെ വനമേഖലകളിലും പാതയോരങ്ങളിലും കുറ്റിക്കാടുകൾ ഉണങ്ങി തീപിടിത്തം നിത്യേനയാണ്.