മലമ്പുഴ: പാലക്കാടൻ തനിമയുടെ പതിപ്പുകളായ കരിമ്പന അന്യംനിന്നു പോകുന്ന സാഹചര്യത്തിൽ ഇവ നിലനിർത്തുന്നതിനു വന്യജീവി വകുപ്പിന്‍റെ 2016 വർഷത്തെ പ്രകൃതിമിത്ര അവാർഡ് ജേതാക്കളായ സഹ്യാദ്രി നേച്വർ ഓർഗനൈസേഷൻ പദ്ധതിയൊരുക്കുന്നു. എന്റെ പാലക്കാട്, എന്റെ പന എന്നപേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം പാലക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ദിലീപ് കുമാർ ഇതിഹാസഭൂമിയായ തസ്രാക്കിൽ ഉദ്ഘാടനം ചെയ്തു.
അഞ്ചുവർഷംകൊണ്ട് ഇരുപതിനായിരം പനകൾ നട്ടുപരിപാലിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്കു തുടക്കമായി 2017–ൽ 2017 പനമരങ്ങൾ സഹ്യാദ്രി അംഗങ്ങൾ നടും. തുടർന്ന് ഇതിഹാസ കഥാകാരന്റെ ഖസാക്കിലൂടെ സഹ്യാദ്രി അംഗങ്ങൾ നടത്തിയ പൈതൃകനടത്തം വിക്ടോറിയ കോളജ് ചരിത്രവിഭാഗം പ്രഫ. സി.സരാജൻ ഉദ്ഘാടനം ചെയ്തു. സഹ്യാദ്രി പ്രസിഡന്റ് ടി.ആർ.സുരേഷ് കുമാർ, സെക്രട്ടറി അഡ്വ. ലിജോ പനങ്ങാടൻ, ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
പരിസ്‌ഥിതിദിനമായ ജൂൺ അഞ്ചിന് വ്യക്‌തികളും സംഘടനകളും മരംവയ്ക്കാൻ തിരക്കുകൂട്ടുകയും പിന്നീടു ംരക്ഷണത്തെക്കുറിച്ചു ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജൂൺ അഞ്ച് മാത്രമല്ല തങ്ങൾക്കെന്നും പരിസ്‌ഥിതിദിനമാണെന്ന മുദ്രാവാക്യമാണ് സഹ്യാദ്രി നേച്വർ ഓർഗനൈസേഷൻ ഉയർത്തിപ്പിടിക്കുന്നത്. സംഘടനയുടെ മുറ്റത്തൊരു തേന്മാവ് എന്ന പദ്ധതി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.