വലപ്പാട്: വാടാനപ്പള്ളി റേഞ്ചിലേക്ക് പാലക്കാട് നിന്ന് കൊണ്ട് വരുന്ന കള്ള് തടയൽ സമരം ചെത്ത് തൊഴിലാളി യൂണിയനുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചു. കരാറുകാരുടെ തൊഴിൽ നിഷേധത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി ചെത്ത് തൊഴിലാളുകളുടെ യൂണിയനുകളുടെ സംയുക്ത സമരസമിതി നിശ്ചയച്ചിരുന്ന സമരമാണ് നിറുത്തിവെച്ചത്.
വലപ്പാട് കള്ള് ഓഫീസിൽ യൂണിയൻ പ്രതിനിധികളും കരാറുകാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് പാലക്കാടൻ കള്ള് തടയൽ സമരം നിറുത്തിവെക്കാൻ തീരുമാനമായത്. തീരുമാനപ്രകാരം ഇപ്പോൾ ചെത്തുന്നതിനായി അപേക്ഷ കൊടുത്ത മുഴുവൻ പകരം തൊഴിലാളികൾക്ക് ചെത്തുവാനുള്ള അനുവാദം കരാറുകാർ നല്കും.
മദ്യ വ്യവസായ തൊഴിലാളികളുടെ കാര്യം വിഷു കഴിഞ്ഞ ശേഷം തീരുമാനിക്കാനും ചർച്ചയിൽ ധാരണയായി.റേഞ്ചിലെ ചെത്ത് – മദ്യ വ്യവസായ തൊഴിലാളികളുടെ വിഷു അഡ്വാൻസിലും തീരുമാനമായി. ചെത്ത് തൊഴിലാളികൾക്ക് 7,000 രൂപയും മദ്യവ്യവസായ തൊഴിലാളികൾക്ക് 8,000 രൂപയും വിഷു അഡ്വാൻസായി 11 ന് വിതരണം ചെയ്യും.
ചെത്ത് തൊഴിലാളികളുടെ ഒരുക്ക് ഫീസ്, വർധിപ്പിച്ച കുടിശ്ശിക എന്നിവ 10ന് കള്ള് ഷാപ്പുകളിൽ വിതരണം ചെയ്യും. യൂണിയൻ പ്രതിനിധികളായ വി.ആർ.വിജയൻ, കെ.വി.പീതാംബരൻ, ടി.എൽ.സന്തോഷ്, എം.കെ.ഫൽഗുണൻ, പി.എൻ.ജ്യോതിലാൽ, ഏ.ബി.സജീവൻ, വി.കെ.ജയപ്രകാശൻ, എൻ.വി.സത്യൻ, എം.പി.ഭാസ്കരൻ ,സി.കെ.വിജയൻ, കെ.വി.ശിവരാമൻ, വി.എ.അഖിലേഷ്, ഏ.ജി.സുഭാഷ് കരാറുകാരായ പി.കെ.ദേവദാസ്, ഏ.സി.ശ്രീധരൻ, പി.ജെ.ബി നിഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.