എം.വി. വസന്ത്
തൃശൂർ: പാലക്കാട്ടെ കള്ളുചെത്തുന്ന തെങ്ങിൻതോപ്പുകളിൽ എക്സൈസ് പരിശോധന കർശനമാക്കുന്പോഴും തലവേദനയായി തമിഴ് കാരിയർമാർ. തോപ്പുകളിൽ കള്ളെത്തുന്നില്ലെന്ന് ഉറപ്പിക്കാനും സമർഥിക്കാനുമുള്ള എക്സൈസിന്റെ പെടാപ്പാടിനെ വെല്ലുവിളിച്ചാണ് തമിഴ് കാരിയർമാരുടെ രംഗപ്രവേശം.
കഴിഞ്ഞ തിങ്കളാഴ്ച മീനാക്ഷിപുരം തമിഴ്നാട് അതിർത്തിയിൽ അവിടത്തെ പോലീസ് സ്പിരിറ്റ് പിടികൂടിയിരുന്നു. ബൈക്കിൽ കടത്താൻ ശ്രമിച്ച ഒരു കന്നാസ് സ്പിരിറ്റാണ് പിടിച്ചെടുത്തത്. കേരളാ അതിർത്തിയിലെ തെങ്ങിൻ തോപ്പുകളിലെത്തിക്കാനാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്നായിരുന്നു പ്രതിയുടെ മൊഴി. മൂങ്കിൽമട സ്വദേശി മണികണ്ഠൻ എന്നയാളാണ് പിടിയിലായത്. ഇത്തരത്തിൽ നിരവധി തവണ സ്പിരിറ്റ് കടത്തിയതായും ഇയാൾ തമിഴ്നാട് പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.
ബംഗളുരുവിൽനിന്നു മൊത്തമായി പൊള്ളാച്ചിയിലെത്തിക്കുന്ന സ്പിരിറ്റ് ഇവിടെനിന്നും ബൈക്കുകളിലും മൊപ്പെഡുകളിലും കടത്തുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സ്പിരിറ്റ് കടത്തിന്റെ കാരിയർമാരായി അതിർത്തി മേഖലയിലെ തമിഴരും മലയാളികളുമുണ്ട്. തോപ്പിൽ സ്പിരിറ്റ് എത്തിച്ചാൽ പ്രതീക്ഷിച്ചിതിനപ്പുറം കൂലി ലഭിക്കുമെന്നതു തന്നെയാണ് കാരിയർമാരുടെ എണ്ണത്തിൽ വർധനവുണ്ടാക്കുന്നത്.
ചെക്പോസ്റ്റുകൾ ഇല്ലാതായതോടെ അതിർത്തികളിലെ പരിശോധനകളും പ്രഹസനമായി. കള്ളക്കടത്തായിരുന്ന സ്പിരിറ്റ് കടത്ത് ഇപ്പോൾ സാധാരണ കടത്തായും മാറി. സ്പിരിറ്റ് മാത്രമല്ല, ലഹരിവസ്തുക്കളും തമിഴ്നാടൻ പാലും ഇത്തരത്തിൽ അതിർത്തി കടന്നെത്തുന്നുണ്ട്. ഓണക്കാലം ലക്ഷ്യമാക്കിയാണ് സ്പിരിറ്റ് കടത്ത് വ്യാപകമായിട്ടുള്ളത്.
എക്സൈസ് ഇന്റലിജന്റ്സിന്റെ റിപ്പോർട്ടിനെ തുടർന്ന് രണ്ടാഴ്ച മുന്പുമുതൽ ചെക്പോസ്റ്റുകളിലും തോപ്പുകളിലും പ്രത്യേക പരിശോധനകൾ തുടങ്ങിയിരുന്നു. ഓരോ റേഞ്ച് ഇൻസ്പെക്ടർമാരും തോപ്പുകളിലെത്തി പരിശോധനകളും തുടങ്ങിയിട്ടുണ്ട്. ചെത്തുന്ന തെങ്ങുകളുടെ എണ്ണം, ഉത്പാദിപ്പിക്കുന്ന കള്ളിന്റെ അളവ്, വിതരണത്തിനു കൊണ്ടുപോകുന്ന സ്ഥലം, സ്പിരിറ്റ്, രാസവസ്തുക്കൾ, മായം എന്നിവ കലർത്തുന്നുണ്ടോയെന്നും പരിശോധിക്കാനാണ് നിർദേശം.
പാലക്കാട് ജില്ലയിലെ 1856 കള്ളുചെത്തു തോപ്പുകളും നിരീക്ഷണ പരിധിയിൽ വരും. പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയിലെ അതിർത്തി റോഡുകൾ പലതും തെങ്ങിൻ തോപ്പുകളെയും കൃഷിയിടങ്ങളെയും വിഭജിച്ചു കടന്നുപോകുന്നവയാണ്. തമിഴ്നാട് ഭാഗത്തെ തോപ്പിൽ സംഭരിച്ചു വച്ചാൽ റോഡുമാർഗമല്ലാതെ തന്നെ കേരളാ അതിർത്തിയിലെ തോപ്പുകളിൽ സ്പിരിറ്റ് എത്തിക്കാനാകും. ഇതിനെയൊന്നും മറികടക്കാനുള്ള സംവിധാനങ്ങൾ സംസ്ഥാന എക്സൈസിനില്ലെന്നതും യാഥാർഥ്യമാണ്.