എം.വി. വസന്ത്
തൃശൂർ: അന്തർജില്ലാ പെർമിറ്റിലൂടെ പാലക്കാട്ടു നിന്നും കടത്തുന്നതു കള്ളല്ല, സ്പിരിറ്റെന്നു സമ്മതിച്ച് എക്സൈസ്. ഉത്തരവിറക്കിയോ, നടപടിയെടുത്തോ അല്ല എക്സൈസിന്റെ കുറ്റസമ്മതം. പുതിയതായി രൂപീകരിക്കാനൊരുങ്ങുന്ന ടോഡി ബോർഡുമായി ബന്ധപ്പെട്ട ചർച്ചകളിലാണ് പലയിടത്തും എക്സൈസ് അധികൃതർ ഇക്കാര്യം സമ്മതിക്കുന്നത്.
പാലക്കാട്ടെ കിഴക്കൻ മേഖലയിൽ നിന്നാണ് മറ്റു ജില്ലകളിലേക്കു പെർമിറ്റ് പ്രകാരം കള്ളെത്തിക്കുന്നത്. ഇവിടത്തെ ഉത്പാദനം പ്രതിദിനം 20,000 ലിറ്ററാണെന്നാണ് എക്സൈസിന്റെ ഒറിജിനൽ കണക്ക്. വകുപ്പ് നേരിട്ട് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലാണിത്. എന്നാൽ ചിറ്റൂർ മേഖലയിൽ നിന്നും കടന്നുപോകുന്നതാകട്ടെ 970 പെർമിറ്റുകളിലായി രണ്ടുലക്ഷം ലിറ്ററോളം കള്ളും. ഈ അധിക കള്ളിന്റെ ഉറവിടമോ, സത്യാവസ്ഥയോ കണ്ടെത്താൻ വകുപ്പിനു കഴിയുന്നില്ലെന്നാണ് യാഥാർഥ്യം.
വ്യാജകള്ള് കണ്ടെത്താൻ സംവിധാനമില്ലെന്ന കാരണം പറഞ്ഞു തടിയൂരുകയാണ് എക്സൈസ്. പരിശോധനയ്ക്കായെടുത്ത സാന്പിളുകളുടെ ഫലം ഇപ്പോഴും കാക്കനാട്ടെ റീജിയണൽ ലബോറട്ടിയിലെ ഫയലുകളിൽ ഉറങ്ങുകയാണ്. ഇത് പുറത്തു കൊണ്ടുവരാനോ നടപടിയെടുക്കാനോ എക്സൈസ് ഉന്നതാധികാരികൾ മുതിരുന്നുമില്ല. ഇതു തന്നെയാണ് കള്ളിലെ കള്ളത്തരത്തിനും വ്യവസായ തകർച്ചയ്ക്കും കാരണമായത്.
കള്ളിനു വീര്യം ചേർക്കാനും വ്യാജക്കള്ള് ഉത്പാദിക്കുന്നതിനുമായി കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്നതു സംബന്ധിച്ച് എക്സൈസിനു വിവരം ലഭിച്ചിരുന്നു. ഇതിൻ പ്രകാരം കഴിഞ്ഞ ആറു മാസങ്ങളിലായി നടത്തിയ പരിശോധനകളിൽ സ്പിരിറ്റ് കടത്ത് മാത്രമല്ല, പല ഉന്നതരുടെ ഇടപെടലുകളുടെ വിവരങ്ങളും എക്സൈസിനു ലഭിച്ചിരുന്നു. തുടർ പരിശോധനകളിൽ പലരും കുടുങ്ങി, ചിലർ പഴുതുകളിലൂടെ ഉൗരിപ്പോയി.
എങ്കിലും സ്പിരിറ്റ് ഒഴുക്ക് നിലച്ചിട്ടില്ല. ജിഎസ്ടി വന്നതോടെ ചെക്പോസ്റ്റുകൾ ഇല്ലാതായപ്പോൾ സ്പിരിറ്റ് കള്ളക്കടത്ത് തടയാനോ പരിശോധനയ്ക്കോ ബദൽ സംവിധാനം കണ്ടെത്തിയിരുന്നില്ല. ഇതു മുതലെടുത്തായിരുന്നു കേരളാ അതിർത്തിയിലെ തെങ്ങിൻ തോപ്പുകളിലേക്കു സ്പിരിറ്റെത്തിക്കലും വ്യാജക്കള്ള് ഉത്പാദനവും നടന്നിരുന്നത്.
ഇപ്പോൾ ഓണത്തിനു കൊഴുപ്പുകൂട്ടാൻ കള്ളുമാഫിയ സ്പിരിറ്റ് സംഭരിച്ചു തുടങ്ങിയിട്ടുണ്ട്. ഈ സ്പിരിറ്റാണ് കള്ളെന്ന മറവിൽ വെള്ളം ചേർത്ത് അന്യ ജില്ലകളിലേക്കു കടത്തുന്നതെന്നും എക്സൈസിന്റെ ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ടുകളിലുണ്ട്.
എന്തായാലും എക്സൈസ് വകുപ്പിന്റെ പരിശോധനകൾ ഇപ്പോൾ ലഹരിമരുന്നുകൾക്കു പിന്നാലെയാണ്. കള്ളും സ്പിരിറ്റുമൊന്നും ലിസ്റ്റിൽ വരുന്നതേയില്ല. ഓണക്കാലത്തെ വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ എക്സൈസ് അതീവ ജാഗ്രതയുമായി രംഗത്തുണ്ടെങ്കിലും സ്പിരിറ്റ് എത്തേണ്ടിടത്തു എത്തിക്കഴിഞ്ഞു എന്നു സമ്മതിക്കുന്ന ഉദ്യോഗസ്ഥരും അവർക്കിടയിലുണ്ട്.