പാലക്കാട്: പാലക്കാട്ടെ ആ പെട്ടി അങ്ങിനെ ഉപേക്ഷിക്കേണ്ട പെട്ടിയല്ലെന്ന് അഭിപ്രായവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ട്രോളിയും കള്ളപ്പണവും ജനകീയ വിഷയം തന്നെയാണെന്നും ബാഗ് ഉപേക്ഷിക്കേണ്ട വിഷയമല്ലെന്നും ഗോവിന്ദൻ പറഞ്ഞു.
പാലക്കാട് കോണ്ഗ്രസിനെതിരായ കള്ളപ്പണ ആരോപണം ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നത് സംബന്ധിച്ച് സിപിഎമ്മിനുള്ളിൽ ഭിന്നാഭിപ്രായങ്ങളില്ലെന്നും ഗോവിന്ദൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. താൻ പറഞ്ഞതാണ് പാർട്ടി അഭിപ്രായമെന്നും അതല്ലാത്തതൊന്നും സിപിഎമ്മിന്റെ അഭിപ്രായമല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ഒരു ബാഗിന്റെ പിന്നാലെ പോവുന്ന പാർട്ടിയല്ല സിപിഎം ബാഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി വന്നതാണ്, രാഷ്ട്രീയ പ്രശ്നമായി വന്നതല്ല. യാദൃച്ഛികമായി വന്ന, വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഉപേക്ഷിക്കേണ്ട പ്രശ്നമല്ല. ശരിയായി അന്വേഷണം നടത്തണം.
വസ്ത്രം കൊണ്ടുപോവുകയാണെന്ന് പറഞ്ഞത് തെറ്റാണെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. നീലയും കറുത്തതുമുൾപ്പടെ ബാഗുകൾ കുഴൽപ്പണവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയ പ്രശ്നമാണ്. ഇതുൾപ്പെടെ ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടും – ഗോവിന്ദൻ പറഞ്ഞു.
ബാഗ് മാത്രം ഫോക്കസ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ബാഗ് യാദൃച്ഛികമായി വീണുകിട്ടിയ സംഭവമാണെന്നും പറഞ്ഞ ഗോവിന്ദൻ എൽഡിഎഫിന് തെറ്റ് പറ്റിയിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. തെളിവ് ഇല്ലാതെ തന്നെ ആളുകൾക്ക് കാര്യം മനസിലായിട്ടുണ്ട്. പെട്ടി വിഷയം അടഞ്ഞ അധ്യായമേയല്ല. നിയോജകമണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണ്. എന്നാൽ അതാണ് എല്ലാം എന്ന് കാണേണ്ടതില്ലെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
പാലക്കാട് അതിശക്തമായ തിരിച്ചടി രാഹുൽ ഏറ്റുവാങ്ങും. പാലക്കാടാണ് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം. പാലക്കാട് ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്നു എന്നത് എൽഡിഎഫിനെ സംബന്ധിച്ച് ആവേശകരമായ കാര്യമാണ്. ഇ. ശ്രീധരന് കിട്ടിയ വോട്ട് എന്തായാലും ബിജെപിക്ക് കിട്ടാൻ പോകുന്നില്ല.
ഷാഫി പറന്പിലിന് കിട്ടിയ വോട്ട് ഇത്തവണ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടില്ല.എൽഡിഎഫ് നല്ല രീതിയിൽ മുന്നേറുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വളരെ ശക്തമായ അവമതിപ്പ് മണ്ഡലത്തിൽ മാത്രമല്ല, കേരളത്തിലുടനീളമുണ്ട്. ഇതൊക്കെ സ്വാഭാവികമായി വോട്ടായി മാറുമെന്നും ഗോവിന്ദൻ പറഞ്ഞു.
സ്വന്തം ലേഖകൻ