സ്വന്തം ലേഖകൻ
പാലക്കാട്: പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സ പിഴവു കാരണം യുവതി മരിച്ചതായി പരാതി.
ഭിന്നശേഷിക്കാരിയായ കോങ്ങാട് സ്വദേശിനി കാർത്തികയാണ് ഓപ്പറേഷന് വേണ്ടി അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയാഘാതം മൂലം മരിച്ചത്.
അനസ്തേഷ്യ നൽകിയതിൽ പിഴവുണ്ടായെന്നും മരണ വിവരം അറിയിക്കാൻ വൈകിയെന്നും കാർത്തികയുടെ ബന്ധുക്കൾ ആരോപിച്ചു
ശസ്ത്രക്രിയയ്ക്കിടെയാണ് പാലക്കാട് കോങ്ങാട് ചെറായി സ്വദേശിനി കാർത്തിക മരിച്ചത്. ഇന്നലെ രാത്രി ഏഴിന് ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച കാർത്തിക രാത്രി ഒന്പതിനാണ് മരിച്ചത്.
കാർത്തികയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇരുകാലുകൾക്കും തളർച്ച ബാധിച്ച കാർത്തികയെ ശസ്ത്രക്രിയയ്ക്കായി ഈ മാസം രണ്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒരു കാലിൽ ഇന്നലെയും ഒരു മാസത്തിനു ശേഷം അടുത്ത കാലിലും ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയായിരുന്നു.
അനസ്തേഷ്യ നൽകിയതിന് പിന്നാലെ കാർത്തികയുടെ ആരോഗ്യസ്ഥിതി വഷളാവുകയും രാത്രി ഒന്പതോടെ മരണം സംഭവിക്കുകയുമായിരുന്നു.
കാർത്തിക മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ടൗണ് സൗത്ത് പോലീസെത്തിയാണ് ബന്ധുക്കളെ ശാന്തരാക്കി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.
കാർത്തികയുടെ മരണത്തിൽ ചികിൽസാപിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
ശ്രീകൃഷ്ണപുരം കുലുക്കിലിയാട് സഹകരണ ബാങ്ക് ജീവനക്കാരിയാണ് കാർത്തിക. അവിവാഹിതയാണ്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും.
കഴിഞ്ഞദിവസമാണ് പ്രസവ ചികിൽസയ്ക്കിടെ ചിറ്റൂർ തത്തമംഗലം സ്വദേശിനി ഐശ്വര്യയും നവജാത ശിശുവും തങ്കം ആശുപത്രിയിൽ മരിച്ചത്.
ചികിൽസാപ്പിഴവെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാർത്തികയുടെയും മരണം.