പാലക്കാട്: നഗരഹൃദയത്തിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനുസമീപം തകർന്നുവീണ മൂന്നുനിലകെട്ടിടത്തിന്റെ ഒരു ഭാഗം അനധികൃതമായി നിർമിച്ചതെന്ന് കണ്ടെത്തി. കെട്ടിടത്തിന്റെ മൂന്നാംനില നിർമാണത്തിന് അനുമതി ലഭിച്ചിരുന്നില്ല. ഇതു സംബന്ധിച്ച് കെട്ടിട ഉടമകൾക്കെതിരെ കേസെടുത്തു. നഗരസഭയ്ക്കും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ആക്ഷേപമുണ്ട്.
ഇന്നലെ അർധരാത്രിയോടെ നിർത്തിവച്ച തെരച്ചിൽ ഇന്നു രാവിലെയോടെ പുനരാരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിയിട്ടില്ലെന്നാണ് നിഗമനമെങ്കിലും സൂക്ഷ്മതയോടെയാണ് ജെസിബിയും മറ്റും ഉപയോഗിച്ച് തെരച്ചിൽ തുടരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു നഗരത്തെ നടുക്കിയ അപകടം.
അന്പതോളം വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സരോവർ ഹോട്ടലിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയായിരുന്നു. ഹോട്ടൽ, ബേക്കറി, മൊബൈൽ ഫോണ് കടകൾ, ലോഡ്ജ് എന്നിവയാണ് തകർന്ന കെട്ടിടസമുച്ചയത്തിൽ ഉണ്ടായിരുന്നത്.
സംഭവം നടന്നയുടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സ്, പോലീസ് സേനകളും ജില്ലയിൽ ക്യാന്പ് ചെയ്തിരുന്ന ദുരന്തനിവാരണ സേനാംഗങ്ങളും കർമനിരതരായി. അതിനാൽ ഉടൻതന്നെ കെട്ടിടാവശിഷ്ടങ്ങളിൽനിന്നും പരിക്കേറ്റവരെ പുറത്തെടുത്തു. മൊത്തം ഇരുപതോളം പേരാണ് അപകടം നടന്നപ്പോൾ കെട്ടിടത്തിൽ ഉണ്ടായിരുന്നത്. പത്തുപേർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
രാത്രിയോടെ സ്ഥലത്തെത്തിയ മന്ത്രി എ.കെ. ബാലൻ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും അടിയന്തരയോഗം വിളിച്ചിരുന്നു. കെട്ടിടത്തിന്റെ ബാക്കിയുള്ള ഭാഗം സീൽ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്നു മുതൽ പാലക്കാട് നഗരത്തിലെ എല്ലാ കെട്ടിടങ്ങളുടേയും പരിശോധന ആരംഭിക്കാൻ മന്ത്രി നിർദേശിച്ചു. ബലക്ഷയമുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാനും നിർദേശമുണ്ട്.