വടക്കഞ്ചേരി : വിലകൂടിയ നായ്ക്കളേയും കോഴികളെയും കൊന്ന് പാതയോരത്തെ വൈദ്യുതി പോസ്റ്റിൽ കെട്ടി തൂക്കി. ടൗണിനടുത്ത് പാളയം കരിപ്പാലി റോഡിലാണ് സംഭവം.
പാളയം ആണ്ടവന്റെ വീട്ടിലെ മിണ്ടാപ്രാണികളോടാണ് ഈ ക്രൂരത കാട്ടിയിട്ടുള്ളത്. കോണ്ഗ്രസ് പ്രവർത്തകനായ ആണ്ടവന്റെ മകൻ സുരേഷ്കുമാറാണ് ഇവയെ വീട്ടിൽ വളർത്തുന്നത്.
വീടിനോടുചേർന്ന് വഴിക്കു സമീപമാണ് ഇവയുടെ കൂടുകൾ. ജർമ്മൻ ഷെപ്പേർഡ്, ലാബ്രഡോർ എന്നീ ഇനങ്ങളിലുള്ള രണ്ടു നായ്ക്കൾക്ക് വിഷം നൽകി കൊന്നതിനു പിന്നാലെ കൂട്ടിൽ നിന്നും കോഴികളെ കൊണ്ടുപോയി കഴുത്തറുത്ത് റോഡിലെ പോസ്റ്റിൽ കെട്ടി തൂക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയോടെയാണ് നായ്ക്കൾക്ക് വിഷംകൊടുത്തു കൊന്നത്. അന്നുതന്നെ കോഴികളെ കൊണ്ടുപോയിരുന്നു.
എന്നാൽ മോഷ്ടിച്ച കോഴികളെ ഇന്നലെ രാവിലെയാണ് കൊന്ന് പോസ്റ്റിൽ തൂക്കിയത്. 17ന് തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം ഇഴയുന്നതിനിടെയാണ് കോഴികളെ കെട്ടി തൂക്കിയ സംഭവം ഉണ്ടായിട്ടുള്ളത്.
സിഐ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിൽ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. കോഴികളെ പോസ്റ്റുമോർട്ടം ചെയ്ത് കൂടുതൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കോണ്ഗ്രസ് പാർട്ടി പ്രവർത്തകൻ എന്നതിനപ്പുറം മറ്റു വൈരാഗ്യങ്ങളൊന്നും ആരുമായും ഇല്ലെന്നാണ് സുരേഷ് പറയുന്നത്.
ക്രൂരത നടത്തിയ സംഘത്തെ ഉടൻ കണ്ടെത്തി കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കോണ്ഗ്രസ് ജനറൽ സെക്രട്ടറി ഡോ. അർസലൻ നിസാം ആവശ്യപ്പെട്ടു.
മനപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കി പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലെന്നും കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു. രമ്യ ഹരിദാസ് എംപിയും സ്ഥലത്തെത്തിയിരുന്നു.