പാലാ: പ്രണയം നിരസിച്ച സഹപാഠിയെ യുവാവ് കഴുത്തറത്തു കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് കേരളം കണ്ടത്. വൈക്കം സ്വദേശിനി നിതിനാ മോളാണ് പാലാ സെന്റ് തോമസ് കോളജിലേക്കുള്ള വഴിമധ്യേ കൊല്ലപ്പെട്ടത്.
കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് പ്രതി. മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥികളാണ് ഇരുവരും.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് നടുക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് നിതിന പുറത്തിറങ്ങുന്നതും കാത്ത് അഭിഷേക് സ്ഥലത്ത് കാത്തിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
മുൻകൂട്ടി തീരുമാനിച്ചപോലെ കത്തിയും ഇയാൾ കൈയിൽ കരുതിയിരുന്നു. പതിവ് അധ്യയനദിവസമല്ലാതിരുന്നതിനാൽ കാമ്പസിൽ വിദ്യാർഥികളും നന്നേ കുറവായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിതിനയെയാണ്. തൊട്ടടുത്ത് കൂസലില്ലാതെ സിമന്റ് ബഞ്ചിൽ ഇരിക്കുകയായിരുന്നു അഭിഷേകെന്നും ദൃക്സാക്ഷികൾ പറയുന്നു.
സ്ഥലത്ത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് എത്തി വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടപ്പോൾ ഒരു ഭാവവ്യത്യാസവും കൂടാതെ ഇയാൾ വാഹനത്തിൽ കയറി.
മാരകമായി മുറിവേറ്റ നിതിനയെ ഉടൻതന്നെ കാമ്പസിലുണ്ടായിരുന്ന വാഹനത്തിൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു.