പാലക്കാട്: ലഘുഭക്ഷണശാലയിലെ ചില്ലുമേശ കൈകൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരന്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു. വ്യാഴാഴ്ച അർധരാത്രിയോടെ പാലക്കാട് കൂട്ടുപാതയിലാണ് സംഭവം.
കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത് (25) ആണ് മരിച്ചത്. ലഘുഭക്ഷണശാലയിൽ സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രീജിത്ത് ഭക്ഷണം കഴിക്കാൻ എത്തിയത്.
മീൻ കറിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ചില്ലുമേശ ശ്രീജിത്ത് കൈകൊണ്ട് ഇടിച്ചുതകർക്കുകയായിരുന്നെന്നു കസബ പോലീസ് പറഞ്ഞു.
സുഹൃത്തുക്കൾ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചരക്കുവാഹന ജീവനക്കാർക്കായി തുറന്നുവച്ചതായിരുന്നു ലഘുഭക്ഷണശാല. സംഭവത്തിനു പിന്നാലെ പോലീസെത്തി കട പൂട്ടിച്ചു.