മാതമംഗലം: ഏഴുംവയൽ കോളനി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണ് ആലക്കാട് ജിമ്മിനഗറിൽ പാലം വേണമെന്നത്. ഏര്യം പുഴയുടെ ഇരുസൈഡിലും ടാർ ചെയ്ത റോഡുണ്ടെങ്കിലും പുഴയ്ക്ക് പാലമില്ലാത്തത് കോളനി നിവാസികൾക്കും ആലക്കാട് പ്രദേശവാസികൾക്കും ഏറെ ദുരിതമാണ്. നാട്ടുകാർ വർഷങ്ങൾക്കു മുന്പ് നിർമിച്ച നടപ്പാലമാണ് നിലവിലുള്ളത്. വേനൽകാലത്ത് പുഴയിറങ്ങി വാഹനങ്ങൾ ഇരുവശത്തേക്കും കടന്നുപോകുന്നുണ്ടെങ്കിലും മഴക്കാലത്ത് ഇതും സാധ്യമല്ല. ഏറെ ദൂരം സഞ്ചരിച്ച് പറവൂർ വഴി വേണം പരിയാരം ഭാഗത്തേക്ക് എത്തിച്ചേരാൻ.
ഇവിടെയുള്ളതും തീരെ വീതി കുറഞ്ഞ പാലമാണ്. കാർ പോലുള്ള ചെറുവാഹനങ്ങൾ മാത്രമേ ഈ പാലം വഴി കടന്നുപോകൂ.ജിമ്മിനഗറിൽ പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാരുടെ നേതൃത്വത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശക്തമായ ഇടപെടൽ നടത്തിയിരുന്നെങ്കിലും സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധി മൂലം നടപ്പാകാതെ പോവുകയായിരുന്നു. ഇപ്പോഴും പാലമെന്ന ആവശ്യവുമായി നാട്ടുകാർ കർമരംഗത്തുണ്ട്.
വെള്ളക്കാട്, ഏര്യം, ആലക്കാട് പ്രദേശവാസികൾക്ക് പരിയാരം മെഡിക്കൽ കോളജിലേക്ക് ഏറ്റവും ചുരുങ്ങിയ ദൂരത്തിൽ എത്തിച്ചേരാൻ ഇവിടെ പാലം നിർമിച്ചാലേ സാധ്യമാകൂ. അതിലുപരി ഏഴും വയൽ കോളനി നിവാസികൾക്ക് പഞ്ചായത്ത് ആസ്ഥാനം, വില്ലേജ് ഓഫീസ്, ആംഗൻവാടി, സ്കൂൾ കുട്ടികൾക്കു സ്കൂളിൽ പോകുന്നതിനും ഇവിടെ പാലം അത്യാവശ്യമാണെന്നു നാട്ടുകാർ പറയുന്നു.
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ പ്രധാന പുഴയായ ഇത് വേനലാരംഭത്തിൽ തന്നെ നീരൊഴുക്ക് നിലച്ച് വറ്റിവരളുക സാധാരണമാണ്. ഇതിന് പരിഹാരം കണ്ടെത്തി ഇവിടെ ചെക്ക് ഡാം കം ബ്രിഡ്ജ് വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സർക്കാർ തടയണകൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതിനാൽ പദ്ധതി നടപ്പാകുമെന്നുതന്നെയാണ് കോളനിനിവാസികളുടെ പ്രതീക്ഷ.