ഹരിപ്പാട്: തൃക്കുന്നപ്പുഴ ലക്ഷ്മിത്തോപ്പിലെ തട്ടാന്ബ്ലോക്ക് പാലം പുനര്‍നിര്‍മിക്കാനെന്ന പേരില്‍ പൊളിച്ചുനീക്കിയത് അന്‍പതോളം കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു തടസമായി.
പാലം പുനര്‍നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ വിളിക്കുംമുമ്പ് ജെസിബി ഉപയോഗിച്ച് പഴയപാലം പൊളിച്ചുനീക്കിയതാണ് വിവാദത്തിനു വഴിവച്ചത്.
ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം പാലം പുനര്‍നിര്‍മിക്കുന്നതിനായി ഒന്‍പത് ലക്ഷത്തിഅറുപതിനായിരം രൂപ അനുവദിച്ചിരുന്നു.എന്നാല്‍, പുനര്‍നിര്‍മിക്കുന്നതിനായി ക്ഷണിച്ച ടെന്‍ഡര്‍ തുറന്നു പരിശോധിക്കുക പോലും ചെയ്യാതെയാണ് പഴയപാലം പൊളിച്ചു നീക്കിയത്.
കൊട്ടാരവളവ്- കുമാരകോടിപ്പാലം റോഡില്‍നിന്നു തട്ടാരുപറമ്പില്‍ ഭാഗത്തേക്കുള്ള പാതയിലെ പാലമാണ് തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ അറിവോടുകൂടി പൊളിച്ചുമാറ്റിയത്.
പാലങ്ങള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ കരാര്‍ ഉറപ്പിച്ചശേഷവും ബദല്‍ യാത്രാ സംവിധാനം നാട്ടുകാരുമായി ആലോചിച്ചുമാണ് ചെയ്യാറുള്ളത്.
എന്നാല്‍ ഇവിടെ വാര്‍ഡുമെമ്പറുടെ ഏകാധിപത്യത്തില്‍ പാലം പൊളിച്ചുമാറ്റുകയായിരുന്നു.ഇപ്പോള്‍ പാലം പൊളിച്ചുനീക്കിയ ഭാഗത്ത് സ്വകാര്യവ്യക്തി ഇദ്ദേഹത്തിന്റെ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി ഇരുമ്പു പൈപ്പില്‍ പലകകള്‍ നിരത്തി താത്കാലിക പാലം നിര്‍മിച്ചിട്ടുണ്ട്.
എന്നാല്‍, ഈ പാലത്തില്‍കൂടിയുള്ള യാത്ര ഞാണിന്‍മേല്‍ക്കളിയാണെന്ന് നാട്ടുകാര്‍ പറയുന്നു. പാലം പൊളിച്ചതുകാരണം മറുകര കടക്കാന്‍കഴിയാതെ നിരവധി ഇരുചക്രവാഹനങ്ങളാണ് ഇരിപ്പായത്.
അടിയന്തരമായി പാലം പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നു പരിസരവാസികള്‍ പറയുന്നു.