കൊല്ലങ്കോട്: ആലന്പള്ളം-ഉൗട്ടറ ബൈപാസ് റോഡിൽ ഗായത്രിപുഴ നിലന്പതിപാലം വെള്ളത്തിന്റെ കുത്തിയൊഴുക്കിൽ തകർന്നു. മീങ്കര, ചുള്ളിയാർ അണക്കെട്ടുകളിൽനിന്നും പുഴയിലേക്ക് കൂടുതൽ വെള്ളംവിട്ടതോടെ നിലന്പതിപാലം കവിഞ്ഞൊഴുകുകയായിരുന്നു.പാലത്തിനു തെക്കുഭാഗത്ത് മൂന്നരമീറ്റർ നീളത്തിലാണ് തകർന്നത്.
ഇവിടെ വാഹനസഞ്ചാരം തടസപ്പെടുന്ന രീതിയിൽ വൻഗർത്തം രൂപംകൊണ്ടു. പാലത്തിന്റെ ഉപരിതലത്തിലെ കോണ്ക്രീറ്റ് പൂർണമായും നശിച്ചു. നിലവിൽ പയിലൂർമൊക്കിൽനിന്നും കൊല്ലങ്കോട് ടൗണിലെത്താതെ ആലന്പള്ളം റോഡുവഴിയാണ് കുനിശേരി, ഉൗട്ടറ ഭാഗത്തേക്കു വാഹനങ്ങൾ സഞ്ചരിക്കുന്നത്.
കൊല്ലങ്കോട് ടൗണിൽനിന്നു പതിവായി എലവഞ്ചേരി, കരിങ്കുളം, വട്ടേക്കാട്, പനങ്ങാട്ടിരി, പയിലൂർ എന്നിവിടങ്ങളിലുള്ള വാഹനങ്ങൾ ആലന്പള്ളം ബൈപാസ് വഴിയായിരുന്നു പോയിരുന്നത്. മുപ്പതുവർഷത്തിനിടെ ആദ്യമായാണ് നിലന്പതിപാലത്തിലൂടെ വെള്ളം കവിഞ്ഞൊഴുകിയത്.
ആലന്പള്ളം- ഉൗട്ടറ റോഡ് രണ്ടുവർഷമായി തകർന്നുകിടക്കുകയാണ്. ഈ സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിലന്പതിപാലവും പാതയും പുനർനിർമിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.