അമ്പലപ്പുഴ: തകഴി പഞ്ചായത്തിലെ മൂന്നാം വാർഡിനെയും അഞ്ചാം വാർഡിനെയും ബന്ധിപ്പിക്കുന അംഗനവാടി പാലം ജനകീയ പങ്കാളിത്തത്തോടെ പൂർത്തികരിച്ചു.
നേരെത്തെ സ്ഥിതി ചെയ്തിരുന്ന പാലം ജീർണാവസ്ഥയിൽ ആയതുകൊണ്ടാണ് പുനനിർമിക്കാനുള്ള തീരുമാനം പ്രദേശവാസികൾ കൈകൊണ്ടത്. നൂറ് കണക്കിന് ആളുകളാണ് ഈ പാലം വഴിയാത്ര ചെയ്തിരുന്നത്.
രോഗികളെ കൊണ്ടുപോകാൻ വാഹന സൗകര്യമില്ലാത്തതിനാൽ മരണം വരെ സംഭവിച്ചിട്ടുണ്ട്. പാലം നിർമിച്ചു കിട്ടുന്നതിനുള്ള ജനങ്ങളുടെ നിവേദനം പലതവണ അധികൃതർക്ക് നൽകിയിരുന്നു.
ഇടതോടുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള പാലത്തിന് തുക അനുവദിക്കാൻ കാലതാമസം ഉണ്ടെന്ന് പഞ്ചായയത്ത് അറിയിച്ചു. ഇതോടെ അംഗനവാടി പാലം ജനകീയ പങ്കാളിത്തത്തോടെ പുനർനിർമ്മിക്കാനുള്ള തീരുമാനം പ്രദേശവാസികൾ എടുക്കുകയായിരുന്നു.
തുടർന്ന് ഏഴംഗങ്ങൾ ചേർന്ന് ഒരു കമ്മിറ്റി രൂപീകരിക്കുകയും 25 ദിവസം കൊണ്ട് രണ്ടര ലക്ഷം രൂപ ചിലവിൽ പ്രദേശവാസികൾ പാലം പണി പൂർത്തികരിക്കുകയായിരുന്നു.
ഒരു ആംബുലൻസിന് കടന്നുപോകാവുന്ന രീതിയിലാണ് പാലം നിർമിച്ചിരിക്കുന്നത്. കൊല്ലംമുക്ക് ജംഗ്ഷനിൽ നിലനിന്നിരുന്ന പഴയ വലിയ പാലം പൊളിച്ച് കല്ലുകൾ ഉപയോഗിച്ചാണ് പുതുതായി നിർമിച്ച അംഗനവാടി പാലത്തിന്റെ പിച്ചിങ്ങ് കെട്ടിയത്.
വേണ്ടത്ര തുക ലഭിക്കാത്തതിനാൽ 50,000 രൂപ കടം എടുത്താണ് പാലം പണി പൂർത്തികരിച്ചത്. കടം തീർക്കുന്നതിനായി പഞ്ചായത്തിൽ നിന്നു ഒരു തുക ലഭിക്കും എന്ന പ്രതീക്ഷയിലാണ് കമ്മിറ്റിക്കാർ.