ചാത്തന്നൂർ: ഇത്തിക്കരയാറിന് കുറുകെ മരക്കുളം കടവിൽ നിർമിച്ച നടപ്പാലം വെള്ളത്തിൽ മുങ്ങി.നിർമ്മാണത്തിലെ അപാകതയാണ് നടപ്പാലം നദിയിൽ മുങ്ങാൻ ഇടയാക്കിയതെന്ന് ആരോപണം ഉയർന്നിരിക്കയാണ്.
കല്ലുവാതുക്കൽ പഞ്ചായത്തിലെ മരക്കുളത്തെയും പൂയപ്പള്ളി പഞ്ചായത്തിലെ ചെങ്കുളത്തേയും ബന്ധിപ്പിച്ചാണ് നടപ്പാലം നിർമ്മിച്ചത്.ജി.എസ്.ജയലാൽ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച നടപ്പാലം ആറ് മാസം മുമ്പാണ് ഉദ്ഘാടനം ചെയ്തത്.
മഴയിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നതോടെ നടപ്പാലത്തിൻ്റെ ഒരു ഭാഗം വെള്ളത്തിൽ മുങ്ങി അക്കരെയിക്കരെയുള്ള യാത്ര തടസ്സപ്പെട്ടു.ഇത് ഇരു പ്രദേശത്തെയും ജനങ്ങളുടെ നിത്യ യാത്ര തടസപ്പെടുത്തുകയും ചെയ്തു.
നടപ്പാലം വന്നതോടെ പൊതുമരാമത്ത് വകുപ്പിന്റെ കടത്തുവള്ളം സർവീസ് നിർത്തുകയും ചെയ്തു.ആറിന് കുറുകെ ഉയരത്തിൽ കടന്നു പോകുന്ന നടപ്പാലം ചെങ്കുളം ഭാഗത്ത് കൊടും താഴ്ചയിലേയ്ക്ക് ഇറക്കി അശാസ്ത്രീയമായാണ് നിർമിച്ചിരിക്കുന്നത്.
ചെങ്കുളം ഭാഗത്ത് ആറ്റിലെ ജലനിരപ്പിന് സമാന്തരമായാണ് നടപ്പാലം വന്നു ചേരുന്നത്.ഇവിടെ നടവഴി സംരക്ഷണഭിത്തി നിർമ്മിച്ച് ഉയരം കൂട്ടേണ്ടതായിരുന്നു.എന്നാൽ അതിനുള്ള നടപടി ഉണ്ടായില്ല. ഇതാണ്കാലവർഷക്കാലത്ത് നടപ്പാലം പ്രയോജന ശൂന്യമായത്.
മരക്കുളം ഭാഗത്ത് നിന്ന് നടപ്പാലം കടന്നാൽ തൊട്ടടുത്തു കൂടിയാണ് ഇത്തിക്കര – ആയൂർ സംസ്ഥാന പാത കടന്നു പോകുന്നത്.ഈ പാലത്തിലെ യാത്ര തടസപ്പെട്ടാൽ ചാത്തന്നൂരിൽ എത്തിയിട്ട് വേണം വിവിധ ഭാഗങ്ങളിലേയ്ക്ക് പോകാൻ.