
നെടുമങ്ങാട് : ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിക്കുന്ന എല്‍.ഐ.സി.പാലത്തിന്റെ വശഭിത്തി തകര്‍ന്നു. നിര്‍മാണത്തിലെ അപാകതയാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഉദ്ഘാടനത്തിനു മുന്‍പു തന്നെ പാലത്തിന്റെ ഭിത്തി തകര്‍ന്ന് വിള്ളല്‍ വീണത് വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.മണ്ഡലം കമ്മിറ്റി സമര രംഗത്തു വന്നു.
നെടുമങ്ങാട് നിന്നും പൊതുമരാമത്ത് ക്വാര്ട്ടേഴ്സുവഴി എളുപ്പത്തില്‍ നെട്ട റോഡില്‍ ചെന്നു ചേരുന്നതിന് അരനൂറ്റാണ്ട് മുമ്പ് നിര്‍മിച്ച പാലമാണ് ഇപ്പോൾ പൊളിച്ചു പണിയുന്നത്. പണി പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങവേയാണ് കഴിഞ്ഞ ദിവസം വശഭിത്തി തകര്‍ന്നവിവരം സമീപവാസികള്‍ കണ്ടത്.
ഒരുവശത്തെ കോണ്‍ക്രീറ്റ് ഭിത്തി പാലത്തില്‍ നിന്നും പൂര്‍ണ്ണമായി അടര്‍ന്നുമാറി വിള്ളല്‍ വീണു. നേരത്തെ ഇരുചക്രവാഹനങ്ങള്‍ മാത്രം ഓടിയിരുന്ന പാലത്തില്‍ വലിയവാഹനങ്ങള്‍ കൂടി യാത്ര ചെയ്യുന്നതിനാണ് 25 ലക്ഷം ചെലവിട്ട് നിലവില്‍ നവീകരിക്കുന്നത്.