പാലോട് : പുതുതായി നിര്‍മിച്ച ചെല്ലഞ്ചിപ്പാലത്തില് ബൈക്കുകളുടെ മത്സരയോട്ടം കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു.
അവധി ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്ന യുവാക്കളാണ് മത്സരയോട്ടം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
അവധി ദിനങ്ങളില്‍ ധാരാളംപേര്‍ സായാഹ്നക്കാഴ്ചകള്‍ ആസ്വദിക്കാനായി കുടുംബസമേതം ചെല്ലഞ്ചിപ്പാലത്തിലെത്തുന്നുണ്ട്.
ഇവരുടെ മുന്നിലാണ് യുവാക്കളുടെ ബൈക്ക് അഭ്യാസങ്ങള്‍. 150അടി പൊക്കമുള്ള പാലത്തിന്റെ ചെറിയ കൈവരിയിലൂടെ നടന്ന് കൈയടി നേടുന്നതും ഇവരുടെ വിനോദമാണ്.
500രൂപ മുതല്‍ പന്തയം വച്ചുള്ള ബൈക്കുകളുടെ മത്സരയോട്ടം. മത്സര ഒാട്ടം തടയാൻ നാട്ടുകാർ ശ്രമിച്ചപ്പോൾ സംഘം ഇവർക്കെതിരെ തിരിഞ്ഞതായും പരാതിയുണ്ട്.
പാലത്തിലെ യുവാക്കളുടെ ബൈക്ക് അഭ്യാസങ്ങളും, പാലത്തിനടിയിലെ മദ്യപാനവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പാലം സംരക്ഷണസമിതി രൂപീകരിച്ചു.
പാലോട്, പാങ്ങോട് പോലീസ് സ്റ്റേഷനുകളില്‍ പരാതിയും നല്കിയിട്ടുണ്ടെങ്കിലുംയാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്.