പത്തനാപുരം: റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മുന്നറിയിപ്പില്ലാതെ പാലം പൊളിച്ചത് നാട്ടുകാരെ ദുരിതത്തിലാക്കി.കരാറുകാരന്റെ അതിവേഗം മൂലം ബിഎസ്എൻഎല്ലിന് എട്ട് ലക്ഷം രൂപയുടെ നഷ്ടവും സംഭവിച്ചു.ജെസിബി ഉപയോഗിച്ച് പാലം പൊളിച്ചപ്പോൾ ഒപ്ടിക്കൽ ഫൈബറും ടെലഫോൺ കേബിളുകളും വിശ്ചേദിക്കപ്പെട്ടിരുന്നു.ഇതേതുടർന്ന് വാഴപ്പാറ ,മാങ്കോട്,പാടം തുടങ്ങിയ മേഖലകളിലെ ഇൻറർനെറ്റ് , ടെലഫോൺ ബന്ധം പൂർണ്ണമായും തകരാറിലായി.
കലഞ്ഞൂർ ജംഗ്ഷന് സമീപത്തെ പാലം കഴിഞ്ഞ രാത്രി പൊളിച്ചതാണ് നാട്ടുകാർക്ക് തലവേദനയായത്.റോഡ് പുനർനിർമാണത്തിന്റെ ഭാഗമായി കലഞ്ഞൂരിലേയും,വാഴപ്പാറയിലേയും പാലങ്ങൾ പൊളിക്കുമെന്ന് അറിയാമായിരുന്നങ്കിലും മുന്നറിയിപ്പില്ലാതെ പാലം പൊളിച്ചതാണ് നാട്ടുകാർക്ക് ഇരുട്ടടിയായത്. ഇതുമൂലം ദൂരെ സ്ഥലങ്ങളിലേക്ക് പോകാനെത്തിയവരും വിദ്യാർത്ഥികളും ഏറെ വലഞ്ഞു.
വാഴപ്പാറ പാലം കൂടി പൊളിക്കുന്നതോടെ കലഞ്ഞൂരിനും വാഴപ്പാറയ്ക്കും ഇടയിലായി താമസിക്കുന്നവർ കൂടുതൽ ദുരിതത്തിലാകും .പാലം നിർമ്മാണം പൂർത്തിയാകാൻ കുറഞ്ഞത് നാല് മാസമെങ്കിലും വേണ്ടിവരുമെന്നാണ്
ഉദ്യോഗസ്ഥർ പറയുന്നത്. പാലം പുനർ നിർമാണത്തിൻറെ ഭാഗമായി ബസുകൾ പത്തനാപുരം, ഇടത്തറ ,തൊണ്ടിയാമൺ വഴിയാണ് മാങ്കോട് ,പാടം മേഖലകളിലേക്ക് സർവ്വീസ് നടത്തുന്നത്.