പാലക്കാട്: പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ മലയാളികളായ ഏഴുപേർ മരിച്ചു. ഒരാൾക്കു സാരമായി പരിക്കേറ്റു. എല്ലാവരും കോട്ടയം മുണ്ടക്കയം സ്വദേശികളും ബന്ധുക്കളുമാണ്. പഴനിക്കടുത്ത് ദിണ്ടിക്കൽ റൂട്ടിൽ ആയക്കുടി സിന്തലാംപട്ടി പാലത്തിനു സമീപമായിരുന്നു അപകടം.
മുണ്ടക്കയം കോരുത്തോട് 116 ഏക്കർ ഭാഗത്ത് പാറയിൽ ശശി (62), ഭാര്യ വിജയമ്മ (60), ശശിയുടെ സഹോദരി ലേഖ (50), ഭർത്താവ് സുരേഷ് (52), മകൻ മനു (27) ശശിയുടെ മകൻ ജിനുവിന്റെ മൂത്തമകൻ അഭിജിത്ത് (17), ശശിയുടെ ബന്ധുവും അയൽവാസിയുമായ സജിനി (52) എന്നിവരാണു മരിച്ചത്.
അവർക്കൊപ്പമുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരൻ ആദിത്യനു(12) ഗുരുതരമായി പരിക്കറ്റു. ഇന്നു പുലർച്ചെ 12.30ന് ഒരുമണിയോടെ ഇവർ സഞ്ചരിച്ചിരുന്ന വാൻ ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എട്ടുപേരാണ് വാനിലുണ്ടായിരുന്നത്.
ശശി, വിജയമ്മ, സുരേഷ്, മനു എന്നിവർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പഴനി സർക്കാർ ആശുപത്രിയിൽ വച്ച് അഭിജിത്തും ദിണ്ടിക്കൽ സർക്കാർ ആശുപത്രിയിൽ ലേഖയും സജിനിയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആദിത്യൻ (12) മധുര സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരമാണ് രണ്ടു കുടുംബത്തിലുള്ളവർ മധുരയിലേക്കു യാത്രതിരിച്ചത്. പഴനിയിൽനിന്നും മധുരയിലേക്കു പോകുംവഴിയാണ് അപകടം. പഴനിയിൽനിന്നും 24 കിലോമീറ്റർ ദൂരമുണ്ട് ആയക്കുടിയിലേക്ക്. നിയന്ത്രണം വിട്ട കാർ എതിരേവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം.
പഴനി, ദിണ്ടിക്കൽ പോലീസും നാട്ടുകാരും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 3.30നു കോരുത്തോട്ടിൽനിന്നു പുറപ്പെട്ടത്. സ്വന്തം വാഹനമായ മാരുതി ഓംമ്നിയിലായിരുന്നു യാത്ര. ശശി സെക്യൂരിറ്റി ജീവനക്കാരനാണ്.