മുണ്ടക്കയം: രണ്ടാഴ്ച കഴിഞ്ഞു കളിചിരിയുമായി സ്കൂളിലെത്തേണ്ട അഭിജിത്തിന്റെ ചേതനയറ്റ ശരീരമാണു ഇന്നു വൻജനാവലിയുടെ സാന്നിധ്യത്തിലെത്തിച്ചത്. സഹപാഠികളും അധ്യാപകരും നാട്ടുകാർക്കും ഈരംഗം സഹിക്കാനാവുന്നതിലപ്പുറമായിരുന്നു. വാവിട്ടു വിലപിക്കുന്നവരെ ആശ്വസിപ്പിക്കാൻ ഒത്തുകൂടിയവർക്കായില്ല.
സികെഎം സ്കൂളിൽ ഒന്പതാം ക്ലാസ് വിദ്യാർഥിയാണു അഭിജിത്. അഭിജിത്തിന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ സഹപാഠികളുടെ കണ്ണീർപ്പൂക്കൾ വീണു. പളനിയാത്രകഴിഞ്ഞു നാളെ സ്കൂളിലെത്തി പുസ്തകവും യൂണിഫോമും വാങ്ങാനായിരുന്നു അഭിജിത്തിന്റെ മാതാപിതാക്കൾ തീരുമാനിച്ചിരുന്നത്.
പളനി ദുരന്തത്തിൽ മരിച്ച പാറയിൽ ശശിയുടെ മകൻ ജിനുവിന്റെ മൂത്തമകനാണ് അഭിജിത്ത്. അവധിക്കു പിക്നിക്കിനു കൊണ്ടുപോകണമെന്ന് അഭിജിത്തും അനുജൻ ആദിത്യനും നിർബന്ധം പിടിച്ചപ്പോൾ പകരം ഇവരെ പളനി തീർഥാടനത്തിനു കൊണ്ടുപോകുകയായിരുന്നു.
അപകടത്തിൽ മരിച്ച സുരേഷിനേക്കുറിച്ചും സുരേഷിന്റെ മകനും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ മനുവിനേക്കുറിച്ചും സികെഎം സ്കൂൾ ഹെഡ്മിസ്ട്സ്ര് പി.കെ.വിമലയ്ക്കും ജീവനക്കാർക്കും പറയാൻ നല്ലതു മാത്രമെയുള്ളു. സ്കുളിലേക്കുള്ള ഷെൽഫുകളും കബോർഡുകളും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരായ സുരേഷും മകൻ മനുവുമാണ് തയാറാക്കിയത്.
തിങ്കളാഴ്ച രാവിലെയും സ്കൂളിലെത്തി ഇവർ ഇതിനുള്ള ജോലികൾ ചെയ്തിരുന്നു. അപകടത്തിൽ പരിക്കേറ്റു ചികിത്സ കഴിയുന്ന ഇതേസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അഭിജിത്തിന്റെ സഹോദരൻ ആദിത്യ(11)ൻ.