കോട്ടയം: കുമാരനല്ലൂര്‍, സംക്രാന്തി, അടിച്ചിറ മേഖലകളില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുള്ള മോഷ്ടാവിനു പങ്കുള്ളതായി ഗാന്ധിനഗര്‍ പോലീസിനു വിവരം ലഭിച്ചു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തമിഴ്നാട് സ്വദേശി പളനിസ്വാമി കുമാരനല്ലൂരില്‍ എത്തിയതായാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. പ്രദേശവാസികള്‍ ശ്രദ്ധിക്കണമെന്ന് അറിയിച്ചു ഗാന്ധിനഗര്‍ പോലീസാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
തമിഴ്നാട്ടില്‍നിന്നും കേരളത്തില്‍ എത്തി നിരന്തരം മോഷണം നടത്തുന്നതാണ് പളനിയുടെ രീതി. മോഷണത്തിനുശേഷം തിരികെ തമിഴ്നാട്ടിലേക്കു മടങ്ങുകയും ചെയ്യും. നാളുകള്‍ക്കു മുമ്പു വിയ്യൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ കുമാരനല്ലൂര്‍, ഗാന്ധിനഗര്‍ മേഖലയില്‍ എത്തി തമ്പടിക്കുന്നതായാണ് വിവരം. ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യത്തില്‍ ഗാന്ധിനഗര്‍ പോലീസിനു വ്യക്തത ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ചു പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
വീടുകളും കടകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പളനിക്ക് കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണക്കേസുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സംക്രാന്തി, കുമാരനല്ലൂര്‍ പ്രദേശങ്ങളില്‍ വ്യാപകമായ രീതിയില്‍ മോഷണം നടന്നിരുന്നു. ഇതോടെയാണ് ഗാന്ധിനഗര്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.
തുടര്‍ന്നാണ് മോഷണം നടന്നതിനു സമീപത്തുള്ള പ്രദേശങ്ങളില്‍ പളനിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതോടെ ഈ മോഷണങ്ങള്‍ക്ക് പിന്നില്‍ സ്ഥിരം കുറ്റവാളിയായ പളനിയാണെന്നാണ് പോലീസ് പറയുന്നത്. പകല്‍ സമയങ്ങളില്‍ ഇയാള്‍ വേഷം മാറി ആക്രി പെറുക്കാനും മറ്റുമായി കറങ്ങി നടന്നു വീടുകള്‍ കണ്ടുവച്ചശേഷം രാത്രിയിലെത്തിയാണ് മോഷണം നടത്തുന്നത്.
മെഡിക്കല്‍ കോളജ് കോമ്പൗണ്ട് ഉള്‍പ്പെടെ ശ്രദ്ധിക്കപ്പെടാന്‍ സാധ്യത കുറഞ്ഞ സ്ഥലങ്ങളായിരിക്കും ഇയാളുടെ ഒളിത്താവളമെന്നും പോലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പളനിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് സന്ദേശം പുറത്തിറക്കിയത്.
നാളുകള്‍ക്കു മുമ്പ് സംക്രാന്തിയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു മോഷണങ്ങള്‍ പതിവായിരുന്നു. ഇതോടെ പോലീസ് ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചിരുന്നു. പളനിയെ ആരെങ്കിലും കണ്ടാല്‍ പോലീസില്‍ അറിയിക്കണമെന്നാണ് നിര്‍ദേശം. ഗാന്ധിനഗര്‍ എസ്എച്ച്ഒ – 9497947157, എസ്ഐ 9497980320.