ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയേയും ഉദ്യോഗസ്ഥരേയും കളിയാക്കി കാർട്ടൂൺ വരച്ചതിന് അറസ്റ്റിലായ കാർട്ടൂണിസ്റ്റ് ബാലയ്ക്ക് പിന്തുണയുമായി പ്രമുഖർ രംഗത്ത്. വിവാദ കാർട്ടൂണുകളുടെ പേരിൽ നിരവധി തവണ അറസ്റ്റിലായിട്ടുള്ള പ്രശസ്ത കാർട്ടൂണിസ്റ്റ് അസിം ത്രിവേദി തമിഴ്നാട് പോലീസിന്റെ നടപടിയെ ശക്തമായി അപലപിച്ചു. രാജ്യത്ത് ആവിഷ്കാര സ്വാതന്ത്രം ഇല്ലാതായതായി അദ്ദേഹം പറഞ്ഞു
. തന്റെ ജോലി ചെയ്തു എന്നതിന്റെ പേരിൽ ഒരാൾ അറസ്റ്റിലായത് നമ്മുടെ രാജ്യത്തിനുതന്നെ നാണക്കേടാണ്. തന്റെ ആശയങ്ങളും അഭിപ്രായങ്ങളും വരകളിലൂടെ ആവിഷ്കരിക്കുവാൻ ഓരോ കാർട്ടൂണിസ്റ്റിനും അവകാശമുണ്ടെന്നും ബാലയെ എത്രയുംവേഗം പുറത്തുവിടണമെന്നും ത്രിവേദി ആവശ്യപ്പെട്ടു. മുതിര്‍ന്ന തമിഴ് പത്രപ്രവർത്തകൻ വി. വെങ്കട്ടരാമനും ബാലയ്ക്ക് പിന്തുണ നൽകിയിട്ടുണ്ട്. രാഷ്ട്രീയകാർക്കും ഉദ്യോഗസ്ഥർക്കും വിമർശനങ്ങൾ നേരിടാൻ കഴിയില്ലെങ്കിൽ അവർ തങ്ങളുടെ ജോലി ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അറസ്റ്റിൽ പ്രതിഷേധിച്ച് ചെന്നൈ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്നു പ്രതിഷേധ മാർച്ച് നടത്തും. അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നു മാധ്യമപ്രവർത്തകർ പറഞ്ഞു.കൊള്ളപ്പലിശക്കാരുടെ ഭീഷണി മൂലം ദന്പതിമാരും രണ്ടു കുട്ടികളും തിരുനെൽവേലി കളക്ടറേറ്റ് വളപ്പിൽ ഒക്ടോബർ 23നു ജീവനൊടുക്കിയ സംഭവം ആസ്പദമാക്കി ബാല വരച്ച കാർട്ടൂണാണു വിവാദമായത്.
അപകീർത്തിപ്പെടുത്തുന്നതും അശ്ലീലം കലർന്നതുമായ കലാസൃഷ്ടി പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് ഐടി ആക്ട് പ്രകാരമാണ് അറസ്റ്റ്. തീപ്പൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്തു കിടക്കുന്പോൾ നോട്ടുകെട്ടുകൾകൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെയും കളക്ടറെയും പോലീസ് ഓഫീസറെയുമാണു ബാല കാർട്ടൂണിൽ ചിത്രീകരിച്ചത്.
തൊഴിലാളിയായ പി. ഇസക്കിമുത്തുവും കുടുംബവുമാണു ജീവനൊടുക്കിയത്. മുത്തുലക്ഷ്മി എന്നയാളിൽനിന്ന് 1.40 ലക്ഷം രൂപ ഇസക്കിമുത്തു കടം വാങ്ങിയിരുന്നു. 2.34 ലക്ഷം രൂപ മടക്കി നല്‍കിയിട്ടും കൊള്ളപ്പലിശക്കാർ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഇസക്കിമുത്തുവിന്റെ സഹോദരൻ ഗോപി പറഞ്ഞു. കൊള്ളപ്പലിശക്കാരുടെ ഭീഷണി സംബന്ധിച്ച് രണ്ടു മാസത്തിനിടെ ആറു പരാതി നല്‍കിയിട്ടും ജില്ലാ കളക്ടറും പോലീസും നടപടിയെടുത്തിരുന്നില്ല.
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കാർട്ടൂണിനു വിവിധ വാട്സ് ആപ് ഗ്രൂപ്പുകളിലൂടെ വൻ പ്രചാരം ലഭിച്ചു. ഒക്ടോബർ 26നാണു ബാല ഫേസ്ബുക്കിൽ കാർട്ടൂണ്‍ പോസ്റ്റ് ചെയ്തത്. 38,000 പേരാണു കാർട്ടൂണ്‍ ഷെയർ ചെയ്തത്. തിരുനെൽവേലി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബാലയ്ക്കു ഫേസ്ബുക്കിൽ 65,000 ഫോളോവേഴ്സ് ഉണ്ട്. വിവിധ വിഷയങ്ങളിലുള്ള ബാലയുടെ രാഷ്ട്രീയ കാർട്ടൂണുകൾ സമൂഹ മാധ്യമങ്ങളിൽ പ്രധാന ചർച്ചാവിഷയമാണ്.
തിരുനെൽവേലി ജില്ലാ കളക്ടർ സന്ദീപ് നന്ദൂരിയുടെ പരാതിപ്രകാരം പ്രത്യേക അന്വേഷണസംഘം ഇന്നലെ രാവിലെ പൂനമല്ലിക്കു സമീപം കോവൂരിലുള്ള വീട്ടിൽനിന്നാണു ബാലയെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിനായി ഇദ്ദേഹത്തെ തിരുനെൽവേലിയിലെത്തിച്ചു.