ചെന്നൈ: നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽഹാസനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. രാഷ്ട്രീയത്തിൽ ശിവാജി ഗണേശന്റെ അതേ വിധിയാണു കമലിനെ കാത്തിരിക്കുന്നതെന്നും സിനിമയില്ലാത്തതുകൊണ്ടാണു കമൽ രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും പളനിസ്വാമി പറഞ്ഞു.
കമൽഹാസന് എന്തു രാഷ്ട്രീയമാണ് അറിയുക?. ഈ സംസ്ഥാനത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു കമൽഹാസന് വല്ല അറിവുമുണ്ടോ?. പാർട്ടി പ്രവർത്തകർ തിയറ്ററിൽ പോയി തന്റെ സിനിമ കാണാൻ വേണ്ടിയാകും കമൽഹാസൻ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. അയാൾ ജനങ്ങൾക്കു വേണ്ടി എന്താണുചെയ്തിട്ടുള്ളത്. തമിഴ്നാട്ടിൽ എത്ര പഞ്ചായത്തുകളുണ്ടെന്നും കോർപ്പറേഷനുകളുണ്ടെന്നും കമൽഹാസന് അറിയുമോ?- പളനിസ്വാമി ചോദിച്ചു.
തമിഴ് രാഷ്ട്രീയത്തെ ദുഷ്ടശക്തികളിൽനിന്നു മോചിപ്പിക്കണമെന്നാണു കമൽ പറയുന്നത്. എന്നിട്ടും അദ്ദേഹം എന്തുകൊണ്ടു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല?. പാർലമെന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് എത്ര വോട്ട് കിട്ടി?. ഇത്രനാൾ കമൽഹാസൻ എവിടെയായിരുന്നു? സിനിമയിൽ അഭിനയിക്കുകയും പണമുണ്ടാക്കുകയും അല്ലാതെ വേറെ എന്താണു കമൽഹാസൻ ചെയ്തിട്ടുള്ളതെന്നും പളനിസ്വാമി ചോദിച്ചു.