തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രി പളനിസ്വാമി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. 122 എംഎല്‍എമാരുടെ പിന്തുണയോടെയാണ് പളനിസ്വാമി അധികാരം നിലനിര്‍ത്തിയത്. 11 വോട്ടുകള്‍ ഒ. പനീര്‍ശെല്‍വം പക്ഷത്തിനു ലഭിച്ചു. പാര്‍ട്ടി വിപ്പ് ലംഘിച്ച സാഹചര്യത്തില്‍ ഇവരുടെ എംഎല്‍എ സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായി. വന്‍ബഹളത്തെ തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കറുടെ അനുമതിയോടെ സഭയില്‍നിന്നും ബലപ്രയോഗത്തിലൂടെ നീക്കിയശേഷമായിരുന്നു വിശ്വാസ വോട്ടെടുപ്പ്. ഡിഎംകെ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എംഎല്‍എമാരെയണ് പുറത്താക്കിയത്. ബഹളം നിമിത്തം രണ്ടു തവണ നിര്‍ത്തിവച്ച സമ്മേളനം, മൂന്നാം തവണ സമ്മേളിച്ചപ്പോഴാണ് വോട്ടെടുപ്പു നടന്നത്.
നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു വിശ്വാസവോട്ടെടുപ്പ് നടന്നത്. സംഘഷമുണ്ടാക്കിയ എംഎല്‍എമാരെ പുറത്താക്കിയ സാഹചര്യത്തില്‍ പ്രതിപക്ഷമില്ലാതെയാണ് സഭ ചേര്‍ന്നത്. ഡിഎംകെകോണ്‍ഗ്രസ് അംഗങ്ങളെയാണ് സ്പീക്കര്‍ പുറത്താക്കിയത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാവിലെ സഭ നിര്‍ത്തിവെച്ചിരുന്നു. ഒരു മണിക്ക് വീണ്ടും ചേര്‍ന്നപ്പോഴും ഡിഎംകെ അംഗങ്ങള്‍ ബഹളം തുടരുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡിഎംകെ എംഎല്‍എമാരെ സ്പീക്കര്‍ ധനപാലന് സഭയില്‍ നിന്ന് പുറത്താക്കി.
നിയമസഭയിലെ രണ്ടു സുരക്ഷാ ജീവനക്കാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. രഹസ്യബാലറ്റ് വേണമെന്ന് ഒ. പനീര്‍ശെല്‍വവും പ്രതിപക്ഷ നേതാവ് സ്റ്റാലിനും നിയമസഭ തുടങ്ങിയപ്പോഴേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രഹസ്യബാലറ്റ് അനുവദിക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതിനുശേഷം പനീര്‍ശെല്‍വത്തെ അനുകൂലിച്ച് ഡിഎംകെ അംഗങ്ങള്‍ സഭയ്ക്കുള്ളില്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. നേരത്തേ, നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കുന്നത് തടഞ്ഞത് പ്രതിഷേധത്തിനു കാരണമായാരുന്നു.