മൂന്നാർ: കുവീ… എട്ടുമാസംമുന്പ് കേട്ട ആ ശബ്ദത്തിന്റെ ഉടമയെ കുവിയെന്ന നായ തിരിച്ചറിഞ്ഞു. പെട്ടിമുടി ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വേദനയുടെ മുറിപ്പാടുകളുമായി കഴിയുന്ന പളനിയമ്മയുടെ വിളി കേട്ടയുടൻതന്നെ കുവി ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് ഓടിയെത്തുകയായിരുന്നു.
പിന്നീടാണ് മനുഷ്യനും വളർത്തുമൃഗങ്ങളും തമ്മിലുള്ള സ്നേഹം വെളിപ്പെടുത്തുന്ന വിധത്തിലുള്ള ദൃശ്യങ്ങൾ മൂന്നാറിൽ അരങ്ങേറിയത്.
ദുരന്തത്തിന് എട്ടുമാസത്തിനുശേഷം കുവി വീണ്ടും ഉടമയുടെ പക്കൽ മടങ്ങിയെത്തിയപ്പോൾ ഉണ്ടായ സ്നേഹ പ്രകടനങ്ങൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിയിച്ചു. എട്ടുമാസം തന്നെ പരിചരിക്കുകയും പരിപാലിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ വിട്ടുപിരിയുന്നതിന്റെ വേദനയിലുമായിരുന്നു കുവി.
ഹൃദയഭേദകങ്ങളായ പെട്ടിമുടിയിലെ ദുരന്ത കാഴ്ചകൾക്കിടയിൽ കുവിയെന്ന നായ തന്റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ സഹായിച്ചതും പിന്നീട് ഭക്ഷണം കഴിക്കാതെ അവശനിലയിലായ നായയെ പോലീസ് സേന ഏറ്റെടുത്ത് കൊണ്ടുപോയതുമെല്ലാം ദുരന്തത്തിനിടയിലെ നൻമയുടെ കാഴ്ചകളായിരുന്നു.
പെട്ടിമുടി ദുരന്തത്തിനു ശേഷമുള്ള നാലാംദിനം ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ച് കുവി നിർത്താതെ കുരച്ചത്.
നിർത്താതെയുള്ള കുരകേട്ട് ഓടിയെത്തിയ രക്ഷാപ്രവർത്തകരാണ് പുഴയിൽ വീണുകിടന്ന മരത്തിൽ തങ്ങിയ നിലയിൽ കണ്ട രണ്ടു വയസുകാരി ധനുഷ്കയെന്ന തനുവിന്റെ മൃതദേഹം കണ്ടത്.
ധനുഷ്കയോടൊപ്പം കളിച്ചുചിരിച്ചു നടന്നിരുന്ന കുവിയുടെ ദുഃഖം മാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു. ഇതോടെയാണ് ഇടുക്കി ജില്ലാ പോലീസ് സേനയിലെ ശ്വാന പരിശീലകനായ അജിത് മാധവൻ കുവിയെ ഏറ്റെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
മേലുദ്യോഗസ്ഥരുടെ അനുവാദത്തോടെ ഓഗസ്റ്റ് 20-ന് കുവി പോലീസ് സേനയോടൊപ്പം പെട്ടിമുടിയിലെ മലയിറങ്ങുകയായിരുന്നു.
ദുരന്തത്തിനുശേഷം ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട വേദനയിൽ കഴിയുന്ന പളനിയമ്മയ്ക്ക് കുവിയെ മറക്കാനാവാതെ വന്നതോടെ പോലീസ് സേനയുടെ ഭാഗമായ കുവിയെ വീണ്ടുകിട്ടുവാൻ ഡിജിപിയോട് അഭ്യർഥന നടത്തുകയായിരുന്നു.
ഡിജിപിയുടെ നിർദേശപ്രകാരം ഇടുക്കി പോലീസ് നായ പരിശീലന സംഘത്തിന്റെ ഭാഗമായ എസ്ഐ റോയ് തോമസ്, പരിശീലകരായ സജി ജോണ്, രാജീവ്, ജെറി ജോണ്, ഡയസ് പി. ജോസ് എന്നിവരടങ്ങുന്ന സംഘമാണ് കുവിയെ മൂന്നാറിലെത്തിച്ചത്.
മൂന്നാർ ഡിവൈഎസ്പി ആർ. സുരേഷ് കുവിയെ പളനിയമ്മയ്ക്കു കൈമാറി. മൂന്നാർ എസ്ഐ എം. സൂഫിയും മറ്റുദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.