എടത്വ: തലവടി നെല്ലൂപ്പറമ്പ് പാലത്തിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞുവീണു. പാലത്തില്‍ നിന്നും തോട്ടിലേക്കു വീണുപോയ മൂന്നു തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളെ മറ്റൊരു സ്ത്രീ തൊഴിലാളി രക്ഷപ്പെടുത്തി.
തലവടി പഞ്ചായത്ത് 10, 12 വാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നെല്ലൂപ്പറമ്പ് പാലത്തിന്റെ കരിങ്കല്‍കെട്ടാണ് കാലപ്പഴക്കത്താല്‍ ഇടിഞ്ഞുവീണത്.
ഇടിഞ്ഞു വീഴുമ്പോള്‍ പാലത്തിലുണ്ടായിരുന്ന തൊഴിലുറപ്പു തൊഴിലാളികളായ ശോഭ സുരേഷ്, സുനിതമ്മ പൊന്നപ്പന്, ചെല്ലമ്മ തങ്കന് എന്നിവരാണ് തോട്ടില്‍ വീണത്.
തോട്ടിലെ ഒഴുക്കില്‍പെട്ട തൊഴിലാളി സ്ത്രീകളെ മറ്റൊരു തൊഴിലാളി സ്ത്രീയായ അശ്വതി പ്രകാശാണ് കരയ്ക്കെത്തിച്ചത്.
പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കരിങ്കല്‍കെട്ടില്‍ പടികെട്ടുകള്‍ നിർമിച്ചു രണ്ടുതടികള്‍ കുറുകെ ഇട്ടാണ് പ്രദേശവാസികള്‍ പാലത്തിലൂടെ യാത്ര ചെയ്തിരുന്നത്. തിട്ടയിടിഞ്ഞു കരിങ്കല്‍കെട്ട് അടര്‍ന്നു തുടങ്ങിയിരുന്നു.
പമ്പാനദിയുടെ കൈവഴിയായ നാലാങ്കല്പടി-ചൂട്ടുമാലില്‍ തോടിന്റെ ഇരുകരയിലുമുള്ള നിരവധി യാത്രക്കാരാണ് പാലത്തിന്റെ ഇരുകരയും ആശ്രയിക്കുന്നത്.
കരിക്കല്കെട്ടു തകര്‍ന്നതോടെ പാലം പുതുക്കി നിർമിക്കാനുള്ള നടപടി ത്രിതലപഞ്ചായത്ത് അധികൃതര്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.