ശ്രീകൃഷ്ണപുരം: നിലത്ത് വീണുനശിക്കുന്ന പാളകൾകൊണ്ട് വിസ്മയം തീർത്ത വലന്പിലിമംഗലം പുലിക്കോട്ടിൽ രവിയുടെ ഉത്പന്നങ്ങൾ കാണാൻ ശ്രീരാമജയം എഎൽപി.സ്കൂൾ വിദ്യാർത്ഥികളെത്തി. പാളഉത്പന്നങ്ങൾ നിർമിച്ച് എത്തിപ്പിടിച്ച വിജയഗാഥ രവി കുരുന്നുകൾക്കായി വിവരിച്ചു.
പാള ഉത്പന്നങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ചു നിരന്തരമായ പരിശ്രമങ്ങളിലൂടെ ജീവിതവിജയം നേടിയ കർഷകനാണ് രവി. കർഷകർക്ക് കാർഷികമേഖലയിലൂടെ തന്നെ വ്യവസായ സംരംഭങ്ങളിലേർപ്പെടാമെന്ന് തെളിയിച്ച കർഷകനാണ് പ്രവാസി കൂടിയായ രവി. തൃശൂരിലെ ഒരു ഏജൻസി അതിന്റെ സാധ്യതകൾ വിവരിച്ചു നല്കിയ പത്രപ്പരസ്യം വായിച്ചതിൽനിന്നാണ് പാള ഉത്പന്നന്നങ്ങളുണ്ടാക്കുന്ന മേഖലയിലേക്ക് ചുവടുവെച്ചത്.ആദ്യം കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന മെഷീൻ അഞ്ചെണ്ണം വാങ്ങി.
അയൽവാസികളായ അഞ്ചു വനിതകളെ സഹായികളാക്കി.ആദ്യത്തിൽ അടുത്തുള്ള കവുങ്ങിൻ തോട്ടത്തിൽനിന്നും പിന്നീട് അട്ടപ്പാടിയിൽ നിന്നും പാകമായ പാളകൾ ശേഖരിച്ചു.ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾ തൃശൂരിലെ ഏജൻസിക്കു നല്കി തുടങ്ങി. നല്ല ഓർഡറുകൾ വന്നുതുടങ്ങിയപ്പോൾ തികയാത്ത പാളകൾക്കായി സംസ്ഥാനത്തിന് പുറത്തുനിന്നും പാളകൾ വാങ്ങി യൂണിറ്റിലേക്ക് എത്തിച്ചു നൽകുന്ന ഏജൻസികളെ കണ്ടെത്തി.
പവർ മെഷീനുകളുടെ സാധ്യത തിരിച്ചറിഞ്ഞ് വായ്പാ സഹായത്തോടെ പത്തു യൂണിറ്റുകൾ വാങ്ങി. സോപ്പ് ഡിഷ്,സ്പൂണ്,വിവിധതരം പ്ളെയിററുകൾ, സാലഡ്ബൗൾ,ഐസ് ക്രീം ബൗൾ എന്നിങ്ങനെ പലതരം പാള ഉൽപ്പന്നങ്ങൾ വീടിനോടു ചേർന്ന ഷെഡ്ഡിൽ നിർമ്മിക്കുന്നുണ്ട്.ശേഖരണം,കഴുകി വൃത്തിയാക്കൽ, ഉണക്കൽ,ഫംഗസ് വരാത്ത വിധം സൂക്ഷ്മതയോ ടെയുള്ള നിർമാണം, പാക്കിംഗ് എന്നി മേഖലയിലും രവിയിലെ സംരംഭകൻ അതീവ ശ്രദ്ധാലുവാണ്.
അഞ്ചു തൊഴിലാളികളോടൊപ്പം ഭാര്യ ഇഷയും,എഞ്ചിനീയറിംഗ് ബിരുധദാരിയായ മകൻ രാഹുലും,എംബിഎ.ബിരുധദാരിയായ മകൾ അഖിലയും ഒഴിവു സമയങ്ങളിൽ സഹായിക്കുന്നു.ഇപ്പോൾ സംസ്ഥാനത്തിന് പുറത്തു നിന്നു പോലും നേരിട്ട് ഓർഡറുകൾ വന്നു തുടങ്ങിയതായി രവി പറഞ്ഞു.ഷോപ്പിംഗ് മാളുകളിലേക്കും മററും ആവശ്യക്കാർ സമീപിക്കുന്നുണ്ട്.ഗുണമേന്മയിൽ സ്ഥിരത പുലർത്തുന്നതോടൊപ്പം ഉത്തരവാദിത്വത്തോടെ ബിസിനസ്സ് ചെയ്യുക എന്ന പോളിസിയാണ് ഈ ഗ്രാമീണ സംരംഭകന്റെ വിജയം.
പരിസ്ഥിതി സൗഹൃദമായ തൊഴിലിൽ ആഹ്ളാദം കണ്ടെത്തുന്ന രവി വായ്പാ സൗകര്യം പ്രയോജനപ്പെടുത്തി പത്തു പുതിയ പവർ മെഷീനുകൾ കൂടി സ്ഥാപിച്ച് വനിതകൾക്ക് കൂടുതൽ തൊഴിലും വ്യവസായ യൂണിറ്റിന്റെ വികസനവും ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്കൂൾ വിദ്യാര്ഥികൾക്കൊപ്പം പ്രധാനാദ്ധ്യാപകനൻ പി. ജി.ദേവരാജ്,സ്കൂൾ വികസനസമിതി ചെയർമാൻ എം. കെ. ദ്വാരകാനാഥന്,ഷനൂബ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.