പാലപ്പിള്ളി: വലിയകുളത്ത് പുലിയിറങ്ങി പശുവിനെ കൊന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപമാണ് പുലിയിറങ്ങിയത്. ടാപ്പിംഗിന് പോയ തൊഴിലാളികളാണ് തോട്ടത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടത്.
പശുവിന്റെ ശരീര ഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയിലാണ്. മുന്‍പും പ്രദേശത്ത് പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. ജനവാസ മേഖലയില്‍ പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
രണ്ട് മാസം മുന്‍പ് കുണ്ടായി ചൊക്കന റോഡില്‍ കാര്‍ യാത്രക്കാര്‍ പുലിയെ കണ്ടിരുന്നു. പാലപ്പിള്ളി പ്രദേശങ്ങളില്‍ പുലിയിറങ്ങുന്നത് പതിവായിട്ടും പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് റബര്‍ എസ്റ്റേറ്റുകളില്‍ പുലിയെ കണ്ടെത്താന്‍ കാമറകള്‍ സ്ഥാപിച്ചത് മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഏക നടപടി.
കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തില്‍ പുലിയും എത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. വനപാലകര്‍ ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.