ജോണ്സണ് വേങ്ങത്തടം
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ഫയല്‍ കണ്ട ഉദ്യോഗസ്ഥർ വരെ പ്രതിസ്ഥാനത്തേക്കു വന്നതോടെ ഐഎഎസ് ഉദ്യോഗസ്ഥരും മറ്റു ഉദ്യോഗസ്ഥരും അങ്കലാപ്പില്‍.
പാലാരിവട്ടം പാലം അഴിമതിയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്തേക്കു കൊണ്ടു വരുന്ന സര്‍ക്കാര്‍ നിലപാടിനെതിരേ ശക്തമായ നീക്കമാണ് ഉദ്യോഗസ്ഥതലത്തില്‍ ആലോചിക്കുന്നത്.
സര്‍ക്കാരിന്റെ നിലപാടിനോടു യോജിക്കാന്‍ കഴിയില്ലെന്നാണ് ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന് പറയുന്നത്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടിനോടു യോജിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചു കഴിഞ്ഞു.
ഉദ്യോഗസ്ഥര്‍ നിസഹകരണത്തിലേക്കു നീങ്ങുമെന്ന സൂചനയും ലഭിക്കുന്നു. കുറ്റക്കാരായവരെ പിടികൂടുന്നതിനു പകരം ഫയല്കണ്ടവരെ പ്രതിയാക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടും ശക്തമായിട്ടുണ്ട്. ഇങ്ങനെ പോയാല്‍ സര്‍ക്കാരിന്റെ ഒരു ഫയലും മുന്നോട്ട് പോകില്ല.
കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവില്‍ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും വിജിലന്‍സ് പ്രതിയാക്കിയിട്ടുണ്ട്. സുപ്രധാനമായ നീക്കമാണ് കേസില്‍ വിജിലന്‍സിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കരാറുകാരനായ സുമിത് ഗോയലിന് 8.25 കോടി രൂപ വായ്പ നല്‍കിയതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഉത്തരവില്‍ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും വിജിലന്‍സ് പ്രതിയാക്കിയിരിക്കുന്നത്. സ്പെഷല്‍ സെക്രട്ടറി കെ സോമരാജന്, അണ്ടര്‍ സെക്രട്ടറി ലതാകുമാരി, അഡീഷണല്‍ സെക്രട്ടറി സണ്ണി ജോണ്‍, ഡെപ്യൂട്ടി സെക്രട്ടറി പി.എസ്. രാജേഷ് എന്നിങ്ങനെ അന്ന് പൊതുമരാമത്ത് വകുപ്പിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.
കിറ്റ്കോയുടെ രണ്ട് ഉദ്യോഗസ്ഥരേയും കൂടി അഴിമതി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. എന്‍ജിനീയര്‍ എ.എച്ച്. ഭാമ, കണ്‍സല്‍ട്ടന്റ് ജി. സന്തോഷ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇതോടെ കേസിലെ മൊത്തം പ്രതികള്‍ പതിനേഴായി.
ഇതേ സമയം വരവില്‍ കവിഞ്ഞു സ്വത്ത് സമ്പാദിച്ച ഉന്നത ഉദ്യോഗസ്ഥരിലേക്കും ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണവും നീളുന്നു.
ലൈഫ് മിഷന് ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ എത്ര ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്തേക്കു വരുമെന്ന ഭയവും ഉദ്യോഗസ്ഥതലത്തിലുണ്ട്.
ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഇവരുടെ സമ്പാദ്യത്തെ കുറിച്ചാണ് അന്വേഷണം വരുന്നത്.
പല ഉദ്യോഗസ്ഥരുംവന് ബിസിനസ് സമ്രാജ്യം തന്നെ ഇതിനകം രൂപീകരിച്ചു കഴിഞ്ഞതായിട്ടാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിക്കുന്ന വിവരം.