സ്വന്തം ലേഖകൻ
തൃശൂർ: കൊച്ചി പാലാരിവട്ടത്തു മെട്രോ സ്റ്റേഷനരികൽ എട്ടുമാസം മൂടാതെകിടന്ന കുഴിക്കു മുകളിലെ ബോർഡിൽ ഇരുചക്രവാഹനം തട്ടി ടാങ്കർ ലോറിക്കടിയിലേക്കു വീണു യുവാവു മരിച്ച സംഭവത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി അനുസരിച്ച് ഉദ്യോഗസ്ഥർക്കെതിരേ കേസ്.
കഴിഞ്ഞ വർഷം ഉണ്ടായ അപകടത്തിൽ കുനമ്മാവ് കാച്ചാനിക്കോടത്ത് ലാലന്റെ മകൻ യദുലാലാ (23) ണു മരിച്ചത്. യദുലാൽ ഓണ്ലൈൻ ഭക്ഷണവിതരണ ജോലിക്കു രാവിലെ പോകുന്പോഴായിരുന്നു അപകടം.
2019 ലെ മോട്ടോർ വാഹന നിയമഭേദഗതി അനുസരിച്ചു റോഡിലെ കുഴി അടക്കമുള്ള പിഴവുകൾ മൂലം അപകടമുണ്ടായാൽ റോഡ് നിർമാണത്തിന്റെ ചുമതലയുള്ള എൻജിനിയർ അടക്കമുള്ള ഉദ്യോഗസ്ഥർ പ്രതികളാകും.
തൃശൂരിലെ നേർക്കാഴ്ച സമതി സെക്രട്ടറി പിബി. സതീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 2019 ലെ കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി വകുപ്പ് 198 പ്രകാരം ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്.
കേന്ദ്ര നിയമമനുസരിച്ച് സംസ്ഥാനത്തു ഫയൽ ചെയ്ത ആദ്യ കേസാണിത്. ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കാൻ പോലീസ് മടിക്കുകയാണു പതിവ്. കേന്ദ്ര നിയമമനുസരിച്ച് വീഴ്ച വരുത്തിയതായി കണ്ടെത്തിയാൽ ഉദ്യോഗസ്ഥരിൽനിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാം.
കൊച്ചി അസിസ്റ്റന്റ് ട്രാഫിക് പോലീസ് കമ്മീഷണർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേരള ഹൈക്കോടതി അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടിയശേഷമാണ് കേസെടുത്തത്.
പാലാരിവട്ടം പോലീസാണു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതെന്നു കൊച്ചി അസിസ്റ്റന്റ് ട്രാഫിക് പോലീസ് കമ്മീഷണർ വ്യക്തമാക്കി. നേർക്കാഴ്ച സെക്രട്ടറി പി.ബി. സതീഷിനു നൽകിയ മറുപടിയിലാണ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്ന വിവരം നൽകിയത്.
റോഡിലെ കുഴി മാത്രമല്ല, അപകടകരമായ രൂപരേഖയും നിർമാണവും ഉണ്ടെങ്കിലും ഇങ്ങനെ കേസെടുക്കാനാകും. പാലാരിവട്ടത്തെ അപകടം കോടതി, മാധ്യമങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽനിന്നു നിശിതമായ വിമർശനത്തിന് ഇടയാക്കിയിരുന്നു.