കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ ബലക്ഷയം അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് അന്വേഷണസംഘം കഴിഞ്ഞ ജൂണ് നാലിന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു. കരാറുകാരനും ഉദ്യോഗസ്ഥരും കണ്സൾട്ടൻസിയും ഉൾപ്പെടെ 17 പേരെ പ്രതി ചേർത്താണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. തുടർന്നു പാലം നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, ടി.ഒ. സൂരജ്, സുമിത് ഗോയൽ എന്നിവരടക്കം നിരവധി പേരെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.
സുമിത് ഗോയലിന്റെയും സൂരജിന്റെയും മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് ഇന്നലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ സൂരജിനോട് അന്വേഷണസംഘം നിർദേശിക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് സംബന്ധിച്ച് നടപടികളിലേക്ക് വിജിലൻസ് കടന്നത്. അന്വേഷണത്തിന്റെ ഭാഗമായി 17 പേരെയാണ് കുറ്റക്കാരെന്ന് സംശയിക്കുന്നവരുടെ പട്ടികയിൽ വിജിലൻസ് ഉൾപ്പെടുത്തിയിരുന്നത്.
ഫൈള ഓവർ കോണ്ട്രാക്ടർ ആർഡിഎസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സുമിത് ഗോയൽ, കിറ്റ്കോ മുൻ മാനേജിംഗ് ഡയറക്ടർ സിറിയക് ഡേവിസ്, ബാഗ്ലൂർ നാഗേഷ് സീനിയർ കണ്സൾട്ടന്റ് എച്ച്എസ് മൻജുനാഥ്, ബ്രിഡ്ജസ് കോർപ്പറേഷൻ എം.ഡി. മുഹമ്മദ് ഹനീഷ്, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർമാരായ ബെന്നി പോൾ, ജി. പ്രമോദ്, കിറ്റ്കോ സീനിയർ കണ്സൾട്ടന്റുമാരായ എൻ. ഭാമ, ഷാലിമാർ, ആർബിഡിസികെ മുൻ അഡീഷണൽ ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, ആർബിഡിസികെ മുൻ ജനറൽ മാനേജർ പി.എം. യൂസഫ്, കിറ്റ്കോ സീനിയർ കണ്സൾട്ടന്റ് സന്തോഷ്, കിറ്റ്കോ പ്രോജക്ട് എൻജിനീയർമാരായ സാൻജോ കെ.ജോസ്, ജിജേഷ്, ആർബിഡിസികെ മുൻ മാനേജർമാരായ പി.എസ്.മുഹമ്മദ് നൗഫൽ, ശരത് എസ്. കുമാർ, ആഡിഎസ് കന്പനിയുടെ ഉദ്യോഗസ്ഥരായ ജെയ്പോൾ, ജോണ് എന്നിവരാണവർ.
ആർബിഡിസികെ, കിറ്റ്കോ, ആർഡിഎസ് പ്രൈവറ്റ് ലിമിറ്റഡ് , നാഗേഷ് കണ്സൾട്ടന്റ്സ് എന്നിവരുടെ അറിവും മൗനാനുവാദവും ഇല്ലാതെ പാലത്തിന് ബലക്ഷയവും വിള്ളലും ഉണ്ടാകുകയില്ലെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാൻ കഴിയുമെന്ന് തിരുവനന്തപുരം വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണു വിവരങ്ങൾ.