തിരുവനന്തപുരം: മുൻപൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും.
വിജിലൻസിന്റെ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞയാഴ്ച മൂന്നു മണിക്കൂർ ഇതേ അന്വേഷണ സംഘം ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.
എഴുതി തയ്യാറാക്കി നൽകിയ പല ചോദ്യങ്ങൾക്കും ഇബ്രാഹിം കുഞ്ഞ് നൽകിയ വിശദീകരണങ്ങൾ തൃപ്തികരമാകാത്ത സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
കരാർ കന്പനിക്ക് മുൻകൂർ പണം നൽകാൻ ഇബ്രാഹിം കുഞ്ഞ് വഴിവിട്ട് സഹായിച്ചുവെന്നാണ് ആക്ഷേപം. ഇന്നത്തെ ചോദ്യം ചെയ്യലിൽ വിശദീകരണം തൃപ്തികരമല്ലെങ്കിൽ അദ്ദേഹത്തെ പ്രതിചേർക്കുന്ന കാര്യം വിജിലൻസ് ആലോചിക്കുന്നുണ്ട്.
ഇബ്രാഹിം കുഞ്ഞിനെതിരെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റേയും കരാറുകാരുടേയും മൊഴി അന്വേഷണ സംഘത്തിനു മുന്നിലുണ്ട് അതിനാൽ ഇന്നത്തെ ചോദ്യം ചെയ്യൽ ഇബ്രാഹിംകുഞ്ഞിനെ സംബന്ധിച്ച് അതി നിർണായകമാണ്.