കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വസതിയില്‍ ഇന്നലെ വിജിലൻസ് അന്വേഷണ സംഘം നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകള്‍ വിശദമായി പരിശോധിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
രേഖകളുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും മറ്റു നടപടികളിലേക്ക് കടക്കുകയെന്നും തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി ശ്യാംകുമാര്‍ വ്യക്തമാക്കി.
പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ വി.കെ. ഇബ്രാഹിംകുഞ്ഞിനെ അഞ്ചാം പ്രതിയാക്കി ഇന്നലെയാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കിറ്റ്കോയിലെ ഉദ്യോഗസ്ഥരായ നിഷ തങ്കച്ചി, ഷാലിമാര്‍, പാലം രൂപകല്പന ചെയ്ത ബംഗളൂരുവിലെ നാഗേഷ് കണ്സള്ട്ടന്സിലെ മഞ്ജുനാഥ് എന്നിവരെയും പ്രതിചേര്‍ത്തു.
ഇതോടെ കേസില്‍ പ്രതികളുടെ എണ്ണം എട്ടായി. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അനുമതിയോടെയാണ് ഇന്നലെ ഉച്ചക്ക്ശേഷം 3.30 ഓടെ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വസതിയില്‍ റെയ്ഡ് നടത്തിയത്. രാത്രി വൈകിയാണ് റെയ്ഡ് അവസാനിച്ചത്.