കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമാണ ക്രമക്കേടിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലൻസ്. മുൻകൂർ പണം അനുവദിച്ചതിൽ ഇബ്രാഹിം കുഞ്ഞും ഉത്തരവാദിയാണെന്നു വിജിലൻസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
കരാറുകാരനു മുൻകൂർ തുക നൽകിയതിലാണ് അന്വേഷണം. ആവശ്യം ഉന്നയിച്ച് സർക്കാരിന് വിജിലൻസ് കത്ത് നൽകിയിട്ടുണ്ട്. കൊച്ചി പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നത്.
അഴിമതി നിരോധന നിയമപ്രകാരം ഇത്തരത്തിൽ അന്വേഷണം തുടങ്ങണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി തേടേണ്ടതുണ്ട്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അനുമതി തേടിയത്. മന്ത്രിയുടെ പേര് പറഞ്ഞു കൊണ്ടു തന്നെയാണ് ഹൈക്കോടതിയിലെ റിപ്പോർട്ട്.
മൊബിലൈസേഷൻ അഡ്വാൻസ് ആയി കരാറുകാർക്ക് അനുവദിച്ചതിൽ മന്ത്രിക്ക് പങ്കുണ്ടെന്നു വിജിലൻസ് സംശയിക്കുന്നു. എട്ടേകാൽ കോടി മുൻകൂറായി അനുവദിച്ച് ഉത്തരവിറക്കിയതിലാണു മന്ത്രിക്കെതിരായി അന്വേഷണം.