കൊച്ചി: പാലാരിവട്ടം പാലം അഴിമിതി കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരെ കൂടുതൽ തെളിവുകൾ. പാലം നിർമാണ സമയത്ത് മകന്റെ പേരിൽ 3.3 കോടിയുടെ സ്വത്ത് വാങ്ങിയെന്നും ഇതു കള്ളപ്പണം ഉപയോഗിച്ചാണെന്നും വിജിലൻസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
പാലത്തിന്റെ നിർമാണം നടന്ന 2012-14 കാലയളവിലാണ് എറണാകുളത്ത് മകന്റെ പേരിൽ 15 സെന്റ് ഭൂമി വാങ്ങിയത്. ഇതിൽ രണ്ടു കോടി രൂപ കള്ളപ്പണമാണെന്നു സൂരജ് വെളിപ്പെടുത്തിയെന്നും വിജിലൻസ് സത്യവാങ്മൂലത്തിൽ പറയുന്നു. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് ആവർത്തിച്ചതായും വിജിലൻസ് പറയുന്നു.
3.30 കോടി രൂപയാണ് ഭൂമി വാങ്ങാൻ വിനിയോഗിച്ചതെങ്കിലും ആധാരത്തിൽ കാണിച്ചത് 1.4 കോടി രൂപ മാത്രമാണ്. ഇതിൽ രണ്ടു കോടി രൂപ കള്ളപ്പണമാണെന്നു ചോദ്യം ചെയ്ത ഘട്ടത്തിൽ സൂരജ് സമ്മതിച്ചു. 2012-14 കാലഘട്ടത്തിൽ സൂരജ് പല ബിനാമി പേരുകളിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും വിജിലൻസ് ആരോപിക്കുന്നു.