കൊച്ചി: നിർമാണത്തിലെ ക്രമക്കേടുകളെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി അടച്ച പാലാരിവട്ടം മേൽപാലത്തിൽ വിജിലൻസ് സംഘം വീണ്ടും പരിശോധന നടത്തി. സാന്പിളുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. ഇന്നു രാവിലെയാണു പരിശോധന ആരംഭിച്ചത്.
മേയ് ഒന്നിന് അറ്റകുറ്റപ്പണികൾക്കായി അടച്ച പാലം പണികൾ പൂർത്തിയാക്കി ജൂണ്‍ ഒന്നിന് തുറന്ന് നൽകുമെന്നായിരുന്നു റോഡ്സ് ആൻഡ് ബ്രിഡജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ കേരള (ആർബിഡിസികെ) നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ പാലം നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായതോടെ സർക്കാർ വിജിലൻ അന്വേഷണം പ്രഖ്യാപിക്കുകയും പരിശോധനകൾ തുടരുകയും ചെയ്തതോടെ പാലം തുറക്കുന്നതു നീളുകയായിരുന്നു.
എറണാകുളം വിജിലൻസ് സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് പാലം നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കൾ ലാബിൽ പരിശോധിച്ചപ്പോൾ നിർമാണത്തിൽ സിമിന്റിന്റെ അളവ് കുറവായിരുന്നതായി തെളിഞ്ഞിരുന്നു.
പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിശദ പഠനം നടത്തിയ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ പാലത്തിനു ഗുരുതര തകരാർ ഉള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. പാലത്തിന്റെ നിലവിലെ അവസ്ഥയിൽ അറ്റകുറ്റപ്പണികൾ നടത്തിയാലും വാഹന ഗതാഗതം ദുഷ്കരമായിരിക്കുമെന്നും നിലവിലെ സ്ഥിതി തുടർന്നാൽ പാലം 20 വർഷത്തിനുള്ളിൽ പൂർണമായും തകരുമെന്നുമായിരുന്നു കണ്ടെത്തൽ.
ഇതിന്റെ അടിസ്ഥാനത്തിൽ പാലം തുറന്നുനൽകാൻ ചുരുങ്ങിയത് 10 മാസമെങ്കിലും വേണ്ടിവരുമെന്നാണു വിവരം. കഴിഞ്ഞ 17ന് പാലം സന്ദർശിച്ച ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കഴിഞ്ഞ ദിവസമാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.