കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിൽ പുതിയ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി. വൈറ്റില ഭാഗത്തേക്കുള്ള നാലു ഗർഡറുകളാണു രാത്രിയിൽ സ്ഥാപിച്ചത്. ഗതാഗതം ഭാഗികമായി നിയന്ത്രിച്ചാണു ജോലികൾ പൂർത്തിയാക്കിയത്.
തൂണുകൾക്കിടയിലുള്ള ആറിൽ നാലു ഗർഡറുകളാണ് സ്ഥാപിച്ചത്. ക്രെയിനുകളുടെ സഹായത്തോടെ പുലർച്ചെയോടെ തൂണുകൾക്കു മുകളിൽ നാലു ഗർഡർ ഉറപ്പിച്ചു.
ഇവ വൈകാതെ കോണ്ക്രീറ്റ് ചെയ്യും. മുറിച്ചുനീക്കിയ പതിനെട്ടിൽ എട്ടു പിയർക്യാപ്പുകളുടെയും പണികൾ പൂർത്തിയായതോടെയാണ് ഇതിന് മുകളിലായി വിലങ്ങനെ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങിയത്.
ഇതുവരെ അഞ്ച് തൂണുകൾ കോണ്ക്രീറ്റ് ജാക്കറ്റിങ് ചെയ്തു ബലപ്പെടുത്തി പുതിയ പിയർ ക്യാപ്പുകൾ നിർമിച്ചു കഴിഞ്ഞു. ഒരു സ്പാനിൽ ആറ് ഗർഡറുകളാണുള്ളത്.
17 സ്പാനുകളിലായി ആകെ വേണ്ടത് 102 ഗർഡറുകളാണ്. മധ്യഭാഗത്തെ സ്പാൻ പ്രത്യേക ജാക്കി ഉപയോഗിച്ച് ഉയർത്തി നിർത്തി പിയർക്യാപ്പുകൾ പൊളിച്ചു നിർമിക്കാനാണുതീരുമാനം.
പാലാരിവട്ടത്തെ പഴയ മേൽപ്പാലത്തിന്റെ പുനർനിർമാണത്തിനായി ഒക്ടോബർ എട്ടിനാണ് പഴയ ഗർഡർ നീക്കി തുടങ്ങിയത്. അവസാന ഗർഡറുകളും പൊളിച്ചുനീക്കി ഒരാഴ്ചക്കുള്ളിലാണ് പുതിയ ഗർഡറുകൾ സ്ഥാപിച്ചത്. ഗതാഗത തടസം ഒഴിവാക്കാൻ രാത്രിയിലാണു ഗർഡർ സ്ഥാപിക്കുന്ന ജോലികൾ നടക്കുക.
പാലത്തിന്റെ മുകൾഭാഗം പൊളിക്കുന്ന ജോലി കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു. പാലം പൊളിക്കുന്നതിനൊപ്പം ഡിഎംആർസിയുടെ കളമശേരിയിലെ യാർഡിൽ പുതിയ ഗർഡറുകളുടെ നിർമാണവും പുരോഗമിച്ചു വരികയാണ്.