കൊച്ചി: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ പാലാരിവട്ടം-കാക്കനാട് സിവിൽ ലൈൻ റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മാസങ്ങളായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കുന്നതിന് പണം അനുവദിച്ചിട്ടും കുഴികൾ അടയ്ക്കാൻപോലും ഒന്നും ചെയ്യാതിരുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ജെ. സജ്ന, അസിസ്റ്റന്റ് എൻജിനീയർ എ.ബി. സജീവ്കുമാർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ പൊതുമരമാത്ത മന്ത്രി ജി.സുധാകരൻ ഉത്തരവിട്ടത്.
റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് മാധ്യമങ്ങളിൽ നിരന്തരം വാർത്തകൾ വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി പി.ടി. തോമസ് എംഎൽഎ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ജില്ലയിലെ സിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന കാക്കനാട്ടേക്കുള്ള സിവിൽ ലൈൻ റോഡ് തകർന്ന് തരിപ്പണമായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
പാലാരിവട്ടം ജംഗ്ഷൻ മുതൽ കാക്കനാടുവരെയുള്ള ആറര കിലോമീറ്ററിനിടെ കുണ്ടും കുഴിയുമില്ലാത്ത ഒരു സ്ഥലംപോലും ഉണ്ടാകില്ല. വലിയ കുഴികളിൽ ചാടി നടുവൊടിഞ്ഞുവേണം കളക്ടറേറ്റിലേക്കും ഇൻഫോപാർക്കിലേക്കുമുള്ള ജീവനക്കാർക്കും ജോലിക്കാർക്കും പോകാൻ.
ദേശീയപാത കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് പാലാരിവട്ടം-കാക്കനാട് സിവിൽ ലൈൻ റോഡ്. ലക്ഷണക്കണക്കിന് ആളുകൾ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന ഈ റോഡ് പ്രളയം ഉണ്ടാകുന്നതിനും മാസങ്ങൾക്ക് മുൻപേ തകർന്നുതുടങ്ങിയതാണ്. കുഴികളിൽപ്പെട്ട് വാഹനം കേടുപാട് സംഭവിക്കുന്നതും വീണ് അപകടമുണ്ടാകുന്നതുമൊക്കെ നിത്യസംഭവമാണ്.
നഗരത്തിൽനിന്നു കാക്കനാട്ടേക്ക് വരാൻ ഏക മാർഗമായ ഈ വഴിയിൽ തിരക്കേറയുള്ള രാവിലെയും വൈകുന്നേരങ്ങളിലും നീണ്ട ഗതാഗതക്കുരുക്കും കാണാം. പാലാരിവട്ടം ബൈപ്പാസ് മുതൽ വാഴക്കാല വരെയാണ് കൂടുതൽ വലിയ കുഴികൾ ഉള്ളത്. അവിടെനിന്നു കാക്കനാട് എത്തുന്നതിനിടെ ചെറിയ കുഴികൾ വേറെയുമുണ്ട്. 75 സ്വകാര്യ ബസുകളും 50 ഓളം കെഎസ്ആർടിസി ബസുകളും ഈ റോഡിലൂടെ ഓടുന്നു.
മറ്റ് വാഹനങ്ങൾ വേറെയും. കാക്കനാട് നിന്ന് ബസ് കയറിയാൽ പാലാരിവട്ടത്ത് എത്താൻ ഒരു മണിക്കൂറെങ്കിലും വേണം. ഗതാഗതക്കുരുക്ക് അത്ര വലുതാണ്. ചെന്പുമുക്ക്, വാഴക്കാല, പടമുകൾ, കുന്നുംപുറം കവലകളിൽ വാഹനങ്ങളുടെ നീണ്ട നിര പതിവാണ്. മെട്രോറെയിൽ കാക്കനാട്ടേക്ക് നീട്ടുന്നതും ഈ വഴിയാണ്.